ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് യാതൊരു വിധ ടെലിവിഷന്‍ ചര്‍ച്ചകളിലും തങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ പദം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്തിരിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇത് ട്വിറ്ററിലൂടെ അറിയിച്ചത്.

‘ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ടിവി ചര്‍ച്ചകള്‍ക്ക് വിടേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചു. എല്ലാ ചാനലുകളും എഡിറ്റര്‍മാരും കോണ്‍ഗ്രസ് പ്രതിനിധികളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു,’ സുര്‍ജേവാല വ്യക്തമാക്കി. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന് അറിയിച്ചതോടെ പല തരത്തിലുളള പ്രചാരണങ്ങളും വാദങ്ങളും ഉയരുന്നതിനിടയിലാണ് കോണ്‍ഗ്രസ് നടപടി.

രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. പിസിസി, ഡിസിസി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍ നടത്തും. രാഹുല്‍ നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ജൂണ്‍ ഒന്നിന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും.

Read More: അടങ്ങാതെ രാഹുല്‍, അനുനയിപ്പിക്കാന്‍ നേതാക്കള്‍; പ്രിയങ്കയും വസതിയിലെത്തി

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങളിലൊന്നും രാഹുല്‍ മനസ് തുറന്നിട്ടില്ല. കൂടിക്കാഴ്ചയ്ക്കും തയ്യാറല്ല.

ഈ സാഹചര്യത്തിലാണ് രാഹുലിനെ പിന്തിരിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും സമ്മർദം ശക്തമാക്കുന്നത്. ഇന്നലെ പല തവണ രാഹുലിന്റെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് പിസിസി, ഡിസിസി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍ നടത്തും. രാഹുല്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറുകയാണെങ്കില്‍ പദവികള്‍ ഒഴിയുമെന്ന നിലപാട് നിരവധി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ രാജ്യസന്നദ്ധത പല പിസിസികളിലെയും ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനാകുമെന്നും രാഹുലിന്റെ മനസുമാറുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

രാഹുല്‍ തുടരുകയാണെങ്കില്‍ പൂര്‍ണ അധികാരത്തോടെയാകണം, പ്രവര്‍ത്തക സമിതിയും പിസിസികളും പുനഃസംഘടിപ്പിക്കണം, സുപ്രധാന പദവികള്‍ക്ക് പ്രായ പരിധി നിശ്ചയിക്കണം തുടങ്ങിയ ആവശ്യങ്ങളും ശക്തമാണ്. പാര്‍ട്ടിയിലേക്ക് ജനങ്ങളെ അടുപ്പിക്കാന്‍ രാഹുല്‍ പദയാത്ര നടത്തണമെന്നും അതില്‍ ദീര്‍ഘ ദൂര ട്രെയിന്‍ യാത്രയും ഉള്‍ക്കൊള്ളിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook