No-confidence motion in Parliament: ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേല്‍ ശക്തി തെളിയിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ആദ്യ അവിശ്വാസ പ്രമേയമാണ് എന്നിരിക്കെ ഇരു പക്ഷങ്ങളും തങ്ങളുടെ കരുത്ത് കാണിക്കാന്‍ കൂടിയാണ് ലക്ഷ്യമിടുക. ഇന്ന് സഭയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കികൊണ്ട് വിവിധ കക്ഷികള്‍ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

533 അംഗങ്ങളുള്ള സഭയില്‍ അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ ഭരണകക്ഷിക്ക് വേണ്ടത് 267 വോട്ടുകളാണ്. ഭരണകക്ഷിയായ എന്‍ഡിഎയില്‍ 313 വോട്ടുകള്‍ ആണുള്ളത്. 273 അംഗങ്ങള്‍ ഉള്ള ബിജെപി തങ്ങളുടെ മുഴുവന്‍ വോട്ടുകളും അനുകൂലമായി എന്ന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കും. അതേസമയം, ബിജെപിയോട് അഭിപ്രായവ്യത്യാസമുള്ള ശിവസേനയുടേതടക്കം വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാവും പ്രതിപക്ഷത്തിന്റെ ശ്രമം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രസംഗിച്ച ശേഷമാവും വോട്ടെടുപ്പ്. ഇരു പക്ഷത്തും ഇല്ലാത്ത ബിജെഡി, ടിആര്‍എസ് എന്നിവര്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്നതും നിര്‍ണായകമാണ്.

പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ഇരിക്കെ പ്രതിപക്ഷ ഐക്യത്തിന്റെ കരുത്ത് കാണിക്കാനുള്ള അവസരമായാണ്‌ പ്രതിപക്ഷം ഈ അവിശ്വാസ പ്രമേയത്തെ കാണുക.

അതേസമയം സ്പീക്കര്‍ അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കിയതോടെ ഇന്ന് സഭയില്‍ കൊണ്ടുവരാനിരുന്ന വിവരാവകാശ നിയമത്തിലെ ഭേദഗതികൾ സംബന്ധിച്ച ബില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ