/indian-express-malayalam/media/media_files/uploads/2021/08/toll-rates-increased-at-paliyekkara-toll-booth-551404-FI.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ പാതകളിലുടനീളമുള്ള ടോള്‍ പ്ലാസകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പകരം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകളെ ആശ്രയിക്കാനുള്ള പദ്ധതിയാണ് കേന്ദ്രം ആവിഷ്കരിക്കുന്നത്. ഇത്തരം ക്യാമറകള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്യുകയും വാഹന ഉടമയുടെ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ ഈടാക്കുകയും ചെയ്യും. ഇത് സാധ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചു. "ടോള്‍ പ്ലാസ ഒഴിവാക്കി പണം നല്‍കാത്ത വാഹന ഉടമയ്ക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥ നിയമത്തിലില്ല. അത് നിയമത്തിന് കീഴിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. നമ്പർ പ്ലേറ്റുകളില്ലാത്ത കാറുകൾക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ രുപകല്‍പ്പന ചെയ്യും. ഇതിനായി ഞങ്ങൾ ഒരു ബിൽ കൊണ്ടുവരേണ്ടതുണ്ട്," ഗഡ്കരി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
നിലവിൽ, ഏകദേശം 40,000 കോടി രൂപയുടെ മൊത്തം ടോൾ പിരിവിന്റെ 97 ശതമാനവും ഫാസ്‌ടാഗ് ഉപയോഗിച്ചാണ് നടക്കുന്നത്. ബാക്കിയുള്ള മൂന്ന് ശതമാനം ഫാസ്‌ടാഗുകൾ ഉപയോഗിക്കാത്തത് മൂലം സാധാരണ ടോൾ നിരക്കുകളേക്കാൾ കൂടുതലാണ് നല്‍കുന്നത്. ഫാസ്ടാഗുകൾ ഉപയോഗിച്ച്, ടോൾ പ്ലാസ കടക്കാൻ ഒരു വാഹനത്തിന് ഏകദേശം 47 സെക്കൻഡ് എടുക്കും. സാങ്കേതികവിദ്യം ഉപയോഗിച്ചുള്ള സംവിധാനത്തില്‍ മണിക്കൂറില്‍ 260 ലധികം വാഹനങ്ങള്‍ക്ക് കടന്നുപോകാം. എന്നാല്‍ അല്ലാതെയാണെങ്കില്‍ 112 വാഹനങ്ങള്‍ മാത്രമെ ടോള്‍ പ്ലാസ കടന്ന് പോകാന്‍ സാധിക്കുകയുള്ളു.
ഫാസ്‌ടാഗ് സംവിധാനം രാജ്യത്ത് ഉടനീളമുള്ള ടോള്‍ പ്ലാസകളിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഫാസ്‌ടാഗിന്റെ ആധികാരികത ഉറപ്പുവരുത്തേണ്ട ടോള്‍ പ്ലാസകളില്‍ ഗതാഗത പ്രശ്നം ഇന്നും നിലനില്‍ക്കുന്നുണ്ട്. പ്രദേശിക മേഖലകളിലെ പ്ലാസകളില്‍ ഇന്റര്‍നെറ്റ് ലഭ്യതക്കുറവും ഗതാഗതകുരുക്കിന് കാരണമാകുന്നു.
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (എഎൻപിആർ) ക്യാമറകൾ എന്നും അറിയപ്പെടുന്ന നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിക്കുന്നതോടെ ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിച്ചേക്കും. ഇതിന് അപാകതകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളു.
"എഎൻപിആർ ക്യാമറയ്ക്ക് നമ്പർ പ്ലേറ്റിലെ ഒമ്പത് അക്കങ്ങള്‍ റീഡ് ചെയ്യാന്‍ കഴിയും. എന്നാല്‍ നമ്പര്‍ പ്ലേറ്റില്‍ മറ്റ് എഴുത്തുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ റീഡ് ചെയ്യാന്‍ സാധിക്കില്ല. നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക വാഹനങ്ങളിലും അത്തരത്തില്‍ എഴുത്തുകളുണ്ട്," ഗഡ്കരി വ്യക്തമാക്കി.
ഇത്തരത്തില്‍ കൂടുതല്‍ എഴുത്തുകള്‍ ഉള്ളതിനാല്‍ 10 ശതമാനത്തോളം നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുന്നതില്‍ ക്യാമറ പരാജയപ്പെട്ടതായാണ് പരീക്ഷണങ്ങളില്‍ നിന്ന് മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസ്ടാഗ്, ജിപിഎസ് ടോൾ എന്നിങ്ങനെയുള്ള പുതിയ പദ്ധതികളിലെ ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കാൻ കഴിയുകയുള്ളെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us