ബെംഗളൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാര്‍ തുടരുമെന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വര. സഖ്യം ശക്തമാണെന്നും എച്ച്.ഡികുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും പരമേശ്വര പറഞ്ഞു. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തില്‍ വിശ്വസ്തതയുണ്ടെന്നും ജി.പരമേശ്വര വ്യക്തമാക്കി.
Read More: തിരഞ്ഞെടുപ്പിലെ കനത്ത പരാജയം; കോണ്‍ഗ്രസ് നേതാക്കള്‍ രാജിവയ്ക്കുന്നു
കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാര്‍ തുടരുമെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും സഖ്യത്തിനിടയില്‍ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് വെല്ലുവിളിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും പകരം കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എച്ച്.ഡി.കുമാരസ്വാമി പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭാ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
Read More: നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് ലഭിച്ചത്. ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളില്‍ 25 ഇടത്തും ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തി ബിജെപി വിജയിച്ചു.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരില്‍ ഭിന്നത നിലനില്‍ക്കുന്നതായി നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. എച്ച്.ഡി.കുമാരസ്വാമി സഖ്യത്തില്‍ തൃപ്തനല്ല എന്നായിരുന്നു വാര്‍ത്തകളെല്ലാം. അതിനു പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും സഖ്യത്തിന് തിരിച്ചടിയായത്.
അതേസമയം, കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രചാരണ വിഭാഗം അധ്യക്ഷന്‍ എച്ച്.കെ.പട്ടീൽ രാഹുല്‍ ഗാന്ധിക്ക് രാജി സന്നദ്ധത അറിയിച്ച് കത്തയച്ചിട്ടുണ്ട്. അധികാരത്തില്‍ നിന്ന് ഒഴിയുക ധാര്‍മിക ഉത്തരവാദിത്തമാണെന്ന് എച്ച്.കെ.പട്ടീല്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നാണിത്. ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യം കര്‍ണാടകയിലും തകര്‍ന്നടിഞ്ഞു. ബെംഗളൂര്‍ റൂറല്‍ സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയിക്കാനായത്. ആകെയുള്ള 28 സീറ്റുകളില്‍ 25 സീറ്റും ബിജെപിയാണ് നേടിയത്.