ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന പുതുവൽസര ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് സണ്ണി ലിയോണിന് കർണാടക സർക്കാർ അനുമതി നിഷേധിച്ചിരുന്നു. സണ്ണി ലിയോണിന്റെ പരിപാടിക്ക് അനുമതി നൽകിയാൽ അത് കന്നഡ സംസ്കാരത്തിന് ഭീഷണിയാകുമെന്നാണ് കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ സണ്ണി ലിയോണിന് അനുമതി നൽകരുതെന്ന് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ പരിപാടിക്ക് പകരം സംഗീത കച്ചേരിയോ ഭരതനാട്യമോ പോലുളള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞതായി മിറർ നൗ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂ ഇയർ പരിപാടിയുടെ സംഘാടകർക്ക് നേരത്തെ തയ്യാറാക്കിയ പരിപാടികളുമായി മുന്നോട്ടുപോകാം. പക്ഷേ അതിൽനിന്നും സണ്ണി ലിയോണിന്റെ പരിപാടി മാത്രം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

‘Sunny Night in Bengaluru NYE 2018’ എന്ന പരിപാടിക്കെതിരെ ഏതാനും നാളുകളായി ചില സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്നലെ കർണാടക രക്ഷണ വേദിക യുവ സേനി അംഗങ്ങൾ പ്രതിഷേധ പ്രകടനത്തിനുശേഷം സണ്ണി ലിയോണിന്റെ പോസ്റ്ററുകൾ കത്തിച്ചു. സണ്ണിയുടെ സംസ്കാരം എന്താണെന്ന് തങ്ങൾക്ക് അറിയാമെന്നും സണ്ണിയുടെ പ്രകടനം പൊതുജനങ്ങളെ വഴി തെറ്റിക്കുമെന്നായിരുന്നു പ്രതിഷേധക്കാരുടെ അവകാശവാദം.

പ്രതിഷേധക്കാർ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക് കർണാടക സർക്കാർ അനുമതി നിഷേധിച്ചു. കർണ്ണാടക ആഭ്യന്തര വകുപ്പാണ് പരിപാടിക്ക് അനുമതി നൽകാതിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook