ഭീകരവാദത്തെ ചെറുക്കാൻ അന്താരാഷ്ട്ര രംഗത്ത് ആത്മാർത്ഥമായ ഐക്യമുന്നേറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ. ഇത് സംബന്ധിച്ച്, “ഒരു രാജ്യത്തിനും ഒറ്റയ്ക്ക് ഭീകരവാദത്തെ നേരിടാൻ സാധിക്കില്ല” എന്ന് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയോട് വ്യക്തമാക്കി.

“ഭീകരവാദം ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും ഒരു രാജ്യം ഈ വെല്ലുവിളിക്ക് അതീതരാണെന്ന് കരുതാൻ സാധിക്കില്ല. സാമ്പത്തികമായി ഉയർന്നതോ താഴ്ന്നതോ ആയ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് ഈ വെല്ലുവിളിയെ അതിജീവിക്കുക അസാധ്യമാണ്” എന്ന് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം അംബാസഡറായ തന്മയ ലാൽ പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ ഭീകര വിരുദ്ധ ഉപദേശക സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആത്മാർത്ഥവും കാര്യക്ഷമവുമായ” ഇടപെടലാണ് ഇക്കാര്യത്തിൽ ആവശ്യമെന്ന് ലാൽ പറഞ്ഞു. ഭീകര സംഘടനകളുടെ പ്രവർത്തനത്തിന് അന്തർദേശീയ അതിർത്തികളില്ല. നിയമങ്ങളോ ചട്ടങ്ങളോ ഇവർക്ക് ബാധകവുമല്ല. എല്ലാ രാജ്യങ്ങളും ഇതിനെ ഒരുമിച്ച് നിന്ന് ചെറുക്കേണ്ട ആവശ്യം വന്നിരിക്കുകയാണ്” അദ്ദേഹം വ്യക്തമാക്കി.

നേരത്തേ ഭീകരവാദത്തെ ചെറുക്കാൻ അന്തർദേശീയ തലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കാൻ ഐക്യരാഷ്ട്ര സംഘടന സമിതി രൂപീകരിച്ചിരുന്നു. ഇതിന് പൂർണ പിന്തുണയാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നത്. യുഎന്നിലെ എല്ലാ അംഗരാജ്യങ്ങളുടെയും യോജിച്ച ഇടപെടലിലൂടെ മാത്രമേ ഈ വെല്ലുവിളിയെ മറികടക്കാനാവൂ എന്നാണ് ലാൽ വാദിച്ചത്.

ഐക്യരാഷ്ട്ര സംഘടന തന്നെ ഭീകര വിരുദ്ധ സമിതി രൂപീകരിക്കുന്നത് ഈ രംഗത്ത് ഏറ്റവും ഫലപ്രദമായ ഇടപെടലിന്റെ തുടക്കമാണെന്നാണ് ഇന്ത്യയുടെ നിരീക്ഷണം.

ഇന്ന് ഐക്യരാഷ്ട്ര സംഘടന ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത് ഭീകരവാദമാണ്. വികസിത രാജ്യങ്ങളിൽ പോലും അതിർത്തി ലംഘിച്ച് ആക്രമണം നടത്താൻ തുടങ്ങിയതോടെ വലിയ പ്രാധാന്യമാണ് ഐക്യരാഷ്ട്ര സംഘടന ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് നൽകുന്നത്.

ലോകത്ത് ഭീകരവാദ പ്രവവർത്തനങ്ങൾക്ക് സഹായം ചെയ്യുന്ന രാജ്യങ്ങൾ വലിയ വില  നൽകേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടർസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഭീകരവാദത്തെ പാക്കിസ്ഥാൻ സഹായിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് അഫ്ഗാൻ നൽകിയ രേഖകളെ കുറിച്ചാണ് അന്റോണിയോ ഗുട്ടർ മറുപടി പറഞ്ഞത്. യുഎൻ രക്ഷാസമിതിയുടെ പരിധിയിൽ പെടുന്ന കാര്യങ്ങളാണിതെന്ന് പറഞ്ഞ ഗുട്ടർ, തന്റെ ഓഫീസ് ഇരുരാജ്യങ്ങളും ഒരുമിച്ച് ഭീകരവാദത്തെ ചെറുക്കുന്നതിന് സഹായകരമാകുന്ന എല്ലാം ചെയ്യുമെന്നും ഉറപ്പു പറഞ്ഞു.

ഷാംഗ്ഹായി സഹകരണ സമ്മേളനത്തിന് മുന്നോടിയായി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയും ചർച്ച നടത്തിയിരുന്നു. കസാഖിൽ വച്ച് താൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും ചർച്ച നടത്തിയിരുന്നുവെന്ന് അന്റോണിയോ ഗുട്ടേർസ് പറഞ്ഞു.

ഇറാനും ചൈനയും ഭീകരർക്ക് സഹായം ചെയ്യുന്നുവെന്ന വാർത്ത തള്ളിക്കളഞ്ഞ ഗുട്ടർ, ഇക്കാര്യത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ലെന്നും വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളുമായി ബന്ധം നിലനിർത്തി ഏതെങ്കിലും വിധത്തിൽ ഭീകരവാദത്തെ സഹായിക്കുന്ന നിലപാടെടുക്കുന്ന രാജ്യങ്ങൾ ഒരിക്കൽ തങ്ങളുടെ പ്രവർത്തനത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇതിന് വിശദീകരണമായി അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ