ന്യൂഡല്‍ഹി: ഇന്ത്യ-ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയായ ദോക് ലാമില്‍ തർക്കത്തെ തുടർന്ന് ചൈനയുടെ യുദ്ധഭീഷണി നിലനില്‍ക്കെ, ആയുധങ്ങള്‍ ഇല്ലാതെ ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സൈന്യം ആയുധങ്ങളുടെയും യുദ്ധസാമഗ്രികളുടെയും ദൗര്‍ലഭ്യം നേരിടുന്നുവെന്ന് സിഐജി റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ആയുധശേഖരങ്ങളുടെ കാര്യക്ഷമതയും ലഭ്യതയും വര്‍ധിപ്പിക്കാനുള്ള യാതൊരു വിധത്തിലുള്ള ശ്രമങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉണ്ടായിട്ടില്ല, ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ഒരു യുദ്ധസാഹചര്യം നേരിടേണ്ടി വന്നാല്‍ അത് പ്രതിരോധിക്കാന്‍ സൈന്യത്തിന് സാധിച്ചേക്കില്ലെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ സേനയുടെ ആയുധശേഖരത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സിഎജി പുറത്തു വിട്ടിരിക്കുന്നത്. 2013ഓടെ സൈന്യത്തിന്റെ ആയുധശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും, 15-20 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യുദ്ധം ഉണ്ടായാല്‍ അതിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ പോരുന്ന ആയുധങ്ങള്‍ സൈന്യത്തിനില്ലെന്ന് ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ സിഎജി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേന്ദ്രനേതൃത്വത്തിലുള്ള ആയുധസംഭരണ ശാലയായ ഒഎഫ്ബി(ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്) ആണ് സൈന്യത്തിന് ആവശ്യമായതിന്റെ 90 ശതമാനം ആയുധങ്ങളും വിതരണം ചെയ്യുന്നത്. ബാക്കി 10 ശതമാനം മറ്റെവിടെ നിന്നെങ്കിലും വാങ്ങണം. എന്നിരിക്കെ സൈന്യം മുന്‍കൈ എടുത്ത ആവശ്യപ്പെട്ട ആയുധങ്ങളുടെ ലിസ്റ്റിന് ഇതുവരെ അനുമതിയോ പരിഗണനയോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഉറി ആക്രമണം നേരിടാനായി 20,000 കോടി രൂപയുടെ ആയുധങ്ങളാണ് സൈന്യം ഉപയോഗിച്ചത്. അതിനു പിന്നാലെ ആയുധ ശേഖരത്തില്‍ വന്‍ ദൗര്‍ലഭ്യം ഉണ്ടായിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പാര്‍ലമെന്റില്‍ സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിരോധ മന്ത്രാലയമോ സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ