ചണ്ഡീഗഡ്: സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് യൂണിഫോം കൊണ്ടുവരുന്നതിനും സ്റ്റാഫ് അംഗങ്ങളെ തിരിച്ചറിയാൻ രോഗികളെ സഹായിക്കുന്നതിനുമായി ഡ്രസ് കോഡ് അവതരിപ്പിക്കാന്‍ ഹരിയാന സർക്കാർ. ഡെനിം ജീൻസ്, പലാസോ പാന്റ്‌സ്, ബാക്ക്‌ലെസ് ടോപ്പുകൾ, പാവാട എന്നിവ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.
വനിതാ ഡോക്ടർമാർ മേക്കപ്പ്, ആഭരണങ്ങൾ എന്നിവ ധരിക്കരുത്. ഷർട്ടിന്റെ കോളറിനേക്കാൾ നീളത്തിൽ മുടി വളർത്തരുതെന്ന് പുരുഷ സ്റ്റാഫ് അംഗങ്ങള്‍ക്കും നിര്‍ദേശമുണ്ട്. വനിത ഡോക്ടര്‍മാര്‍ നഖം നീട്ടി വളര്‍ത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം.
ഫെബ്രുവരി ഒന്‍പതിനാണ് പുതിയ പോളിസി അവതരിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നിര്‍ദേശവും നല്‍കി. ഡ്രെസ് കോഡ് പിന്തുടരാത്തവരെ ആബ്സെന്റായി കണക്കാക്കുമെന്നും കടുത്ത നടപടിക്ക് വിധേയമാകേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.
“ആശുപത്രികളില്‍ ഡോക്ടർമാരെയും രോഗികളെയും വേർതിരിച്ചറിയാൻ പ്രയാസമാണ്. അതുകൊണ്ടാണ് സ്റ്റാഫ് അംഗങ്ങൾക്ക് ഡ്രസ് കോഡ് നടപ്പിലാക്കുന്നത്, ” ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു.
“യൂണിഫോം തയാറാക്കുന്നത് ഡിസൈനര്‍മാരാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സംസ്ഥാന ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിൽ ആശുപത്രി ജീവനക്കാർ ഡ്രസ് കോഡ് പാലിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. സ്വകാര്യ ആശുപത്രിയിൽ പോകുമ്പോള്‍ ഒരു ആശുപത്രി ജീവനക്കാരനെ പോലും യൂണിഫോമില്ലാതെ കാണാന്‍ സാധിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാരെ തിരിച്ചറിയാന്‍ പോലും പ്രയാസമാണ്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡെനിം ജീന്‍സ്, ഷര്‍ട്ട്, പാവാട, ഷോര്‍ട്ട്സ്, അരക്കെട്ട് വരെ നീളമുള്ള ടോപ്പുകൾ, സ്‌ട്രാപ്പ്‌ലെസ് ടോപ്പുകൾ, ബാക്ക്‌ലെസ് ടോപ്പുകൾ, ക്രോപ്പ് ടോപ്പുകൾ, ഡീപ്പ് നെക്ക് ടോപ്പുകൾ, ഓഫ് ഷോൾഡർ ബ്ലൗസ്, സ്‌നീക്കറുകൾ, സ്ലിപ്പറുകള്‍ എന്നിവ ധരിക്കുന്നതിനും നിയന്ത്രണമുണ്ട്.
സുരക്ഷ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, സാനിറ്റേഷന്‍ സ്റ്റാഫ്, അടുക്കളയില്‍ ജോലി ചെയ്യുന്ന ജോലിക്കാര്‍ എന്നിവര്‍ക്കും ഡ്രെസ് കോഡ് ബാധകമാണ്.
ആശുപത്രി ജീവനക്കാരോട് നെയിം ടാഗുകൾ നിർബന്ധമായും ധരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കളർ കോഡ് യൂണിഫോമില്‍ തീരുമാനമെടുക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് സിവിൽ സർജൻമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്.