പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് ഒരു സാധ്യതയും കാണുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പാക്കിസ്ഥാൻ പരസ്യമായി ഭീകരവാദത്തെ പിന്തുണയ്ക്കുന്നു. ഇസ്ലാമാബാദ് ഭീകരവാദ സംഘടനകളെ സഹായിക്കുന്നത് തുടരുന്നടുത്തോളം ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീർ വിഷയം ലോകരാഷ്ട്രങ്ങൾ അവഗണിച്ചാൽ ഇന്ത്യയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വർധിക്കുമെന്നായിരുന്നു ഇമ്രാൻ ഖാൻ ലേഖനത്തിൽ പറഞ്ഞത്. “കശ്മീരിനെതിരായും അവിടുത്തെ ജനങ്ങൾക്ക് എതിരായും ഇന്ത്യൻ ആക്രമണം തുടർന്നാൽ അതിന്റെ പ്രത്യാഘാതം ആഗോള തലത്തിലായിരിക്കും. രണ്ട് ആണവ ശക്തികൾ സൈനിക ഏറ്റുമുട്ടലിലേക്ക് കൂടുതൽ അടുക്കുന്നത് ലോകത്തെ തന്നെ ബാധിക്കും,” ഇമ്രാൻ ഖാൻ വ്യക്തമാക്കി.
Also Read: ‘ഇത് മുസ്ലീങ്ങളെ ലക്ഷ്യംവച്ചുള്ളത്’; പൗരത്വ രജിസ്റ്ററിനെതിരെ ഇമ്രാന്‍ ഖാന്‍
എന്നാൽ ഭീകരവാദം പാക്കിസ്ഥാന്റെ ഇരുണ്ട കോണുകളിൽ മാത്രമല്ലന്നായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം. 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ അകന്നിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് പകരമായി ബാലകോട്ടിലെ ഭീകരവാദ കേന്ദ്രങ്ങൾ ഇന്ത്യയും തകർത്തിരുന്നു.
കശ്മീരിലെ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകളുണ്ടാകുമെന്നും ജയ്ശങ്കർ പറഞ്ഞു. ഭീകരവാദത്തെ തടയുന്നതിനും കലാപം ഒഴിവാക്കാനുമാണ് ഇന്രർനെറ്റ് – ടെലിഫോൺ സേവനങ്ങൾ റദ്ദാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.