ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി ബീഹാർ ഗവർണറെ തീരുമാനിച്ചതോടെ സമവായത്തിനുള്ള സാധ്യതകൾ അവസാനിച്ചതായി കോൺഗ്രസ് വ്യക്തമാക്കി. ജൂൺ 22 ന് പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്ന ശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇതോടെ രാജ്യത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായി.

ബിജെപി ഐകകണ്ഠേന തിരഞ്ഞെടുത്ത സ്ഥാനാർത്ഥിയെ പുച്ഛിച്ച് തള്ളിക്കൊണ്ടാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ഇക്കാര്യത്തിലെ നിലപാട് പ്രഖ്യാപിച്ചത്. “ഈ വിഷയത്തിൽ കോൺഗ്രസിന് ഒറ്റയ്‌ക്ക് ഒരു നിലപാട് പറയാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ ഗുലാം നബി ആസാദ്, മറ്റ് പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചിച്ച ശേഷം ജൂൺ 22 ന് നിലപാട് വ്യക്തമാക്കുമെന്ന്” അറിയിച്ചു.

ഔപചാരികതയ്ക്ക് വേണ്ടി മാത്രമാണ് ബിജെപി യുടെ മുതിർന്ന നേതാക്കൾ പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടിയതെന്ന് ചൂണ്ടിക്കാട്ടിയ ഗുലാം നബി ആസാദ്, സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുൻപ് ഇതര കക്ഷികളുമായി അഭിപ്രായ ഐക്യം രൂപീകരിക്കണമായിരുന്നുവെന്നും പറഞ്ഞു.

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചത്. സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ട് മറ്റ് കക്ഷികളെ അറിയിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. ഇതോടെ സമവായ സാധ്യതകൾ പൂർണ്ണമായും ഇല്ലാതായി.

രാജ്യത്തെ പരമോന്നത സ്ഥാനത്തേക്ക് ദളിത് വിഭാഗക്കാരനെ ബിജെപി ഉയർത്തിക്കാട്ടിയതിനോട് പ്രതികരിക്കാൻ ഗുലാം നബി ആസാദ് തയ്യാറായില്ല.

ജൂൺ 22 ന് നടക്കുന്ന യോഗത്തിൽ ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ പങ്കെടുക്കുമോയെന്ന് ഗുലാം നബി ആസാദിനോട് മാധ്യമപ്രവർത്തകർ ചോദിച്ചു. താൻ നേരിട്ട് ബീഹാർ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്നും ഒരു പ്രതിനിധി ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ