ന്യൂഡൽഹി: സ്‌കൂൾ കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പരിസരങ്ങളിലും ക്യാന്റീനിലും ജങ്ക് ഫുഡും മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങളും വിൽക്കുന്നത് നിയന്ത്രിച്ചതായി, ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ.) അറിയിച്ചു. എഫ്.എസ്.എസ്.എ.ഐ മേധാവി അരുൺ സിങ്കാലാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ, സ്കൂൾ പരിസരത്ത് 50 മീറ്ററിനുള്ളിൽ അനാരോഗ്യകരമായ ഭക്ഷണം വിൽക്കുന്നതും പരസ്യം ചെയ്യുന്നതും ഫുഡ് റെഗുലേറ്റർ നിരോധിച്ചിട്ടുണ്ട്.
“സ്കൂളുകളിലെ കുട്ടികൾക്ക് സുരക്ഷിതമായ ഭക്ഷണവും സമീകൃതാഹാരവും നൽകുക എന്നതാണ് ആശയം. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ സ്കൂൾ കുട്ടികൾക്ക് സ്കൂൾ കാന്റീനുകളിലോ മെസ് പരിസരങ്ങളിലോ ഹോസ്റ്റൽ അടുക്കളകളിലോ ക്യാംപസിന്റെ 50 മീറ്റർ ചുറ്റളവിലോ വിൽക്കാൻ കഴിയില്ല.”
“സ്കൂളിൽ കാന്റീൻ, മെസ്, കിച്ചൻ ഓപ്പറേറ്റിംഗ് എന്നിവയ്ക്ക് എഫ്എസ്എസ്എഐയിൽ നിന്ന് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, മിഡ്-ഡേ മീൽ സ്കീം നടപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് കരാർ നൽകിയ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ അപ്പെക്സ് ഫുഡ് റെഗുലേറ്റിങ് ഏജൻസിയിൽ നിന്ന് രജിസ്ട്രേഷനോ ലൈസൻസോ നേടിയിരിക്കണം. ഭക്ഷ്യ സുരക്ഷ, മാനദണ്ഡ നിയമത്തിലെ ഷെഡ്യൂൾ 4 പ്രകാരം ശുചിത്വ നടപടികൾ കർശനമായി പാലിക്കണം.”
സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ 2015-ൽ ഡൽഹി ഹൈക്കോടതി ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റിയോട് നിർദേശിച്ചിരുന്നു. സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ന്യുട്രീഷൻ(എൻ.ഐ.എൻ.) അധികൃതർ അറിയിച്ചു.
വിദ്യാർഥികൾക്ക് സുരക്ഷിതവും ആരോഗ്യകരവും ശുചിത്വവുമുള്ള ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പൽ അധികാരികളും സംസ്ഥാന ഭരണകൂടവും സ്കൂൾ പരിസരത്ത് പതിവായി പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
“നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം, പ്രാദേശികവും കാലാനുസൃതവുമായ ഭക്ഷണം, ആഹാരം പാഴാക്കുന്നത് ഇല്ലാതാക്കുക എന്നിവ കേന്ദ്രീകരിച്ച് സ്കൂൾ കാമ്പസ് ഈറ്റ് റൈറ്റ് സ്കൂളായി പരിവർത്തനം ചെയ്യുന്നതിനും സമഗ്രമായ ഒരു പദ്ധതി സ്വീകരിക്കണം. ഓരോ സ്കൂളും നാമനിർദ്ദേശം ചെയ്ത നോഡൽ ഓഫീസർ ഇത് നിരീക്ഷിക്കേണ്ടതുണ്ട്,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
“നാഷണൽ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ന്യൂട്രീഷൻ (എൻഎൻ) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂളിൽ സുരക്ഷിതവും സന്തുലിതവുമായ ഭക്ഷണത്തിന്റെ ഉപയോഗം സ്കൂൾ അധികാരികൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്,” മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.