ന്യൂഡല്‍ഹി: രാജ്യത്ത് 2,000 രൂപ നോട്ടുകളുടെ ലഭ്യത കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപ നോട്ടുകളുടെ എണ്ണവും മൊത്തം മൂല്യവും കുറഞ്ഞു. അതേസമയം 500 രൂപ നോട്ടുകളുടെ പ്രചാരം കുത്തനെ വര്‍ധിച്ചു. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപയുടെ ഒറ്റ നോട്ട് പോലും അച്ചടിച്ചിട്ടില്ല. എന്നാല്‍ 500 രൂപയുടെ നോട്ടുകള്‍ 1,200 കോടി എണ്ണം അച്ചടിച്ചു. 2018-19ല്‍ 2,000 രൂപയുടെ നോട്ടുകള്‍ അഞ്ച് കോടി എണ്ണമാണ് അച്ചടിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Also Read: രണ്ടായിരം രൂപ നോട്ടുകൾ നിരോധിച്ചേക്കാം: സുഭാഷ് ചന്ദ്ര ഗാർഗ്
രണ്ടായിരത്തിന്റെ, 6,58,199 കോടി രൂപ മൂല്യം വരുന്ന 32,910 ലക്ഷം നോട്ടുകളാണു 2019 മാര്‍ച്ചില്‍ പ്രചാരത്തിലുണ്ടായിരുന്നത്. 2020 മാര്‍ച്ചില്‍ രണ്ടായിരത്തിന്റെ നോട്ടുകളുടെ എണ്ണം 27,398 ലക്ഷമായും മൂല്യം 5,47,952 കോടി രൂപയായും കുറഞ്ഞു. ഇപ്പോള്‍ മൊത്തം നോട്ട് മൂല്യത്തിന്റെ 22.6 ശതമാനം മാത്രമാണ് രണ്ടായിരം രൂപ നോട്ടുകളുടെ പങ്ക്. 2018 ല്‍ ഇത് 37.3 ശതമാനവും 2019 ല്‍ 31.2 ശതമാനവുമായിരുന്നു.
അതേസമയം, 500 രൂപ നോട്ടുകളുടെ മൂല്യം ഈ വര്‍ഷം മാര്‍ച്ചില്‍ 14.72 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 10.75 ലക്ഷം കോടി രൂപയായിരുന്നു. നോട്ടുകളുടെ എണ്ണം 2019ല്‍ 2,15,176 ലക്ഷം ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം 2,94,475 ലക്ഷമായി ഉയര്‍ന്നു. രാജ്യത്തെ ബാങ്ക് നോട്ടുകളുടെ മൊത്തം മൂല്യത്തിന്റെ 60.8 ശതമാനവും 500 രൂപ നോട്ടുകളാണ്. കഴിഞ്ഞ വര്‍ഷം ഇത് 51 ശതമാനമായിരുന്നു.
Also Read: നോട്ട് നിരോധനം: പ്രതിസന്ധി മാറാതെ കറന്‍സി അച്ചടി മേഖല
2019-20 ല്‍ ബാങ്ക് നോട്ടുകളുടെ ഇന്‍ഡന്റ് മുന്‍ വര്‍ഷത്തേക്കാള്‍ 13.1 ശതമാനം കുറഞ്ഞതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കാരണം നോട്ടുകളുടെ വിതരണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറഞ്ഞു. പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം 14.7 ശതമാനവും എണ്ണം 6.6 ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധിച്ചതായും ആര്‍ബിഐ വ്യക്തമാക്കി.
Read in IE: No Rs 2,000 note printed in FY20; Rs 500 in circulation sharply increases