ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തെ കടന്നാക്രമിച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന. കശ്മീരില്‍ നിയന്ത്രണങ്ങളില്ലെന്നും നിയന്ത്രണങ്ങളെല്ലാം പ്രതിപക്ഷത്തിന്റെ മനസ്സിലാണെന്നും അമിത് ഷാ പറഞ്ഞു.

എല്ലാ ലോക നേതാക്കളും കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കിയ നടപടിയെ പിന്തുണച്ചെന്ന് അമിത് ഷാ പറഞ്ഞു. “എവിടെയാണ് നിയന്ത്രണങ്ങള്‍? ജമ്മു കശ്മീരില്‍ യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. അവിടെ സ്ഥിതി ശാന്തമാണ്. നിയന്ത്രണങ്ങളെല്ലാം നിങ്ങളുടെ മനസ്സിലാണ്” അമിത് ഷാ പറഞ്ഞു.

“കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കിയ ഓഗസ്റ്റ് അഞ്ചിനു ശേഷം അവിടെ വെടിവയ്പ്പ് ഉണ്ടായിട്ടില്ല. വെടിവയ്പ്പില്‍ ഒരു മനുഷ്യജീവന്‍ പോലും നഷ്ടപ്പെട്ടിട്ടില്ല. കശ്മീരിനെ കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുകയാണ് ചിലര്‍ ചെയ്യുന്നത്. ആയിരക്കണക്കിനു ജവാന്‍മാരാണ് കശ്മീരിനു കാവല്‍ നില്‍ക്കുന്നത്. കശ്മീരില്‍ ആര്‍ക്കും എവിടെയും സന്ദര്‍ശിക്കാം” ഷാ പറഞ്ഞു.

Read Also: റിസർവ് ബാങ്കിൽ നിന്ന് 30000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി വാങ്ങാൻ കേന്ദ്ര സർക്കാർ

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വ്യക്തി താല്‍പര്യം മാത്രമാണ് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഷാ പറഞ്ഞു. ഐക്യരാഷ്ട്ര സഭയില്‍ നെഹ്‌റു സ്വീകരിച്ച നിലപാടിനെ ഹിമാലയത്തേക്കാള്‍ വലിയ ഹിമാലയന്‍ മണ്ടത്തരമെന്നും അമിത് ഷാ വിശേഷിപ്പിച്ചു. 370-ാം വകുപ്പ് എടുത്തുകളഞ്ഞത് ഇന്ത്യയുടെ ഐക്യത്തിന് സഹായിക്കുമെന്ന് പറഞ്ഞ ഷാ, കശ്മീരിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്നും പറഞ്ഞു.

പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് കേന്ദ്ര സർക്കാർ കശ്മീരിൽ നിരോധനാജ്ഞ കൊണ്ടുവന്നത്. മുൻ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത് വലിയ വാർത്തയായിരുന്നു. നിരവധി പേരാണ് കേന്ദ്ര സർക്കാരിനെതിരെ രംഗത്തുവന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook