ന്യൂഡൽഹി: യുകെ പാർലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്കാർക്ക് പരുക്കേറ്റതായി വിവരമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യക്കാരെക്കുറിച്ചുളള വിവരങ്ങളറിയാൻ ലണ്ടനിലെ ഹൈക്കമ്മിഷൻ ഹെൽപ്‌ലൈൻ നന്പർ (020 8629 5950, 020 7632 3035) തുറന്നിട്ടുണ്ടെന്നും സുഷ്മ സ്വരാജ് ട്വിറ്ററിൽ കുറിച്ചു. പാർലമെന്റ് മന്ദിരത്തിനു സമീപത്തേക്ക് ആരുംതന്നെ പോകരുതെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ പൊലീസ് വെബ്സൈറ്റ് പരിശോധിക്കണമെന്നും സുഷമ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ലണ്ടനിലുണ്ടായ ഭീകരാക്രമണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്യുന്നു. ഭീകരതയ്ക്കെതിരെ പോരാടുന്നതിൽ ഇന്ത്യ യുകെയ്ക്ക് ഒപ്പമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തെ ഇന്ത്യ ശക്തിയായി അപലപിക്കുന്നതായും ജനാധിപത്യത്തിലും സംസ്‌കാരത്തിലും അധിഷ്ഠിതമായ സമൂഹത്തില്‍ ഭീകരവാദത്തിന് സ്ഥാനമില്ലെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗലേ ട്വീറ്റ് ചെയ്തു.

ഇന്നലെ വൈകിട്ടോടെയാണ് വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് മന്ദിരത്തിനുനേരെ ഭീകരാക്രമണം ഉണ്ടായത്. അമിതവേഗതയിൽ എത്തിയ ഒരു കാർ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന നിരവധിപേരെ ഇടിച്ചിട്ടശേഷം പാർലമെന്റ് മന്ദിരത്തിന്റെ കന്പിവേലിയിലേക്ക് ഇടിച്ചുകയറ്റി. കാറിൽനിന്നിറങ്ങി പാർലമെന്റിലേക്ക് ഓടിക്കയറാൻ ശ്രമിച്ച അക്രമിയെ പൊലീസുകാരൻ തടഞ്ഞു. ഇയാളെ അക്രമി കുത്തി വീഴ്ത്തി. മറ്റൊരു പോലീസുകാരനുനേർക്ക് ഓടിയടുത്തെങ്കിലും അദ്ദേഹം അക്രമിയെ വെടിവച്ചു വീഴ്ത്തി. ആക്രമണത്തിൽ അക്രമിയുൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്നു വഴിയാത്രക്കാരുമാണ് മരിച്ചത്. ഇതിൽ ഒരാൾ സ്ത്രീയാണ്. പൊലീസ് വെടിവച്ചുവീഴ്ത്തിയ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലാണ് മരിച്ചത്.

Read More: ബ്രിട്ടീഷ് പാർലമെന്റിന് സമീപം വെടി വെയ്പ് സ്ത്രീ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരുക്ക്; തീവ്രവാദ ആക്രമണമെന്ന് പൊലീസ്

പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ ഭൂരിഭാഗം എംപിമാരും ആക്രമണ സമയത്ത് പാർലമെന്റിനുള്ളിൽ ഉണ്ടായിരുന്നു. തെരേസ മേയെ ഉടൻ സുരക്ഷിതമായി ഔദ്യോഗിക വസതിയിലേക്ക് മാറ്റി. മറ്റുള്ളവരെ ഏറെനേരം അവിടെത്തന്നെ സംരക്ഷിച്ചശേഷം പിന്നീട് പുറത്തിറക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ