കർഷകരെ തടയാൻ റോഡ് നിറയെ ആണികൾ; നിയന്ത്രണങ്ങളെ ന്യായീകരിച്ച് ഡൽഹി പൊലീസ്

ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് കൂടുതൽ കർഷകർ എത്തുന്നത് തടയാനാണ് അതിർത്തികളിൽ പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. റോഡുകളിൽ മരക്കഷ്ണങ്ങളും ബാരിക്കേഡുകളും പൊലീസ് സ്ഥാപിച്ചു. പലയിടത്തും റോഡ് നിറയെ ആണികളാണ്

ന്യൂഡൽഹി: കർഷക സമരത്തിനെതിരായ നടപടികളെ ന്യായീകരിച്ച് ഡൽഹി പൊലീസ്. കർഷകരെ തടയാൻ പൊലീസ് റോഡിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും റോഡ് നിറയെ ആണികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ സുരക്ഷ വർധിപ്പിക്കാനാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കേണ്ടിവന്നതെന്ന് ഡൽഹി പൊലീസ് ന്യായീകരിക്കുന്നു.

“ജനുവരി 26 ലെ ആക്രമണങ്ങളെ കുറിച്ച് വളരെ കുറച്ചുപേർ മാത്രമേ സംസാരിക്കുന്നുള്ളൂ. എനിക്ക് അതിശയം തോന്നുന്നു. കർഷകർ ട്രാക്‌ടർ ഉപയോഗിച്ചു, പൊലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടു, കർഷകർ ബാരിക്കേഡുകൾ തകർത്തു.., ഇത്രയൊക്കെ സംഭവിച്ചിട്ടും ആരും ഇതേകുറിച്ച് അന്വേഷിക്കുന്നില്ല. എന്നാൽ, കർഷകരെ പ്രതിരോധിക്കാൻ കൂടുതൽ സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചപ്പോൾ എല്ലാവരും അതിനെ ചോദ്യം ചെയ്യുന്നു,” ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ.ശ്രീവാസ്‌തവ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും: ജേക്കബ് തോമസ്

ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് കൂടുതൽ കർഷകർ എത്തുന്നത് തടയാനാണ് അതിർത്തികളിൽ പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. റോഡുകളിൽ മരക്കഷ്ണങ്ങളും ബാരിക്കേഡുകളും പൊലീസ് സ്ഥാപിച്ചു. പലയിടത്തും റോഡ് നിറയെ ആണികളാണ്. ട്രാക്‌ടറുകൾ പ്രവേശിക്കാതിരിക്കാൻ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. കർഷക പ്രതിഷേധത്തിനിടെ 510 പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റതെന്നും ഡൽഹി പൊലീസ് കമ്മിഷണർ പറഞ്ഞു.

അതേസമയം, റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിയുടെ ഭാഗമായി അനധികൃതമായി തടങ്കലിലാക്കിയ പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. എഫ്ഐർ, അന്വേഷണ നടപടികളിലേക്ക് കടക്കാതെ അറസ്റ്റുചെയ്തവരെ വിട്ടയക്കാനാവില്ല. പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറുകളിൽ അന്വേഷണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി ഡൽഹി പൊലീസിന് നിർദേശം നൽകി. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 70ഉം 80ഉം വയസുള്ളവർ ഉൾപ്പെടെ 122 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ആറ് എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തു.

farmers protest, farmers protest delhi border, tikri border, singhu border farmers protest, ghazipur farmers protest, police security, delhi city news, indian express news
റാേഡുകളിൽ ആണി സ്ഥാപിച്ചിരിക്കുന്നു

ഇതുവരെ 44 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 122 പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് വക്താവ് ഡോ. എയ്ഷ് സിങ്കാൽ പറഞ്ഞു. 54 കർഷക നേതാക്കൾക്കും 200 ട്രാക്ടർ ഉടമകൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ട്രാക്ടർ ഉടമകളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി പോലീസ് പറഞ്ഞു. “സുപ്രീം കോടതിയുടെ മാർഗനിർദേശപ്രകാരം ബന്ധപ്പെട്ട കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരുടെ ബന്ധുക്കൾക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിവരങ്ങൾ തേടാം. കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഡൽഹി പൊലീസ് നടത്തിയ അന്വേഷണം സുതാര്യവും നീതിയുക്തവുമാണ്,” സിങ്കാൽ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: No questions when cops attacked why on security now delhi police

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com