ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കള്‍ കോടതി കയറിയ പശ്ചാത്തലത്തിലാണ് സാക്ഷിയുടെ പ്രസ്താവന.
“ബാബറി മസ്ജിദും രാമക്ഷേത്രവും സംബന്ധിച്ച ചര്‍ച്ച നമ്മള് നിര്‍ത്തണം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ മുസ്ലിം സമൂഹവും ഇപ്പോള്‍ പിന്തുണയ്ക്കുന്നുണ്ട്. രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്തവര്‍ ഇപ്പോള്‍ രാമ ഭക്തന്മാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
“മാധ്യമങ്ങള്‍ അതിനെ വീണ്ടും വീണ്ടും ബാബറി എന്ന് വിളിച്ചുകൊണ്ടേയിരിക്കരുത്. അത് രാമജന്മഭൂമിയാണ്. ബാബര്‍ ഒരു വിദേശിയായിരുന്നു, അയാള്‍ക് ഇന്ത്യയുമായി ഒരു ബന്ധവുമില്ല” സാക്ഷി മഹാരാജ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More: രാമരഥയാത്ര; ശില്പിയും സൂത്രധാരനും മോദിയെന്ന് ബിജെപി മന്ത്രി
ബാബറി ധ്വംസനം ദൈവസംബന്ധിയായ വിഷയമാണ് എന്നതിനാല്‍ താന്‍ ദൈവത്തില്‍ നിന്നും കനിവ് പ്രതീക്ഷിക്കുന്നുണ്ട് എന്നായിരുന്നു വിചാരണയ്ക് മുന്നേ മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്ര ജലവിഭവശേഷി മന്ത്രി ഉമാഭാരതി പറഞ്ഞത്. “അതില്‍ ഭക്തിയോടെ പങ്കെടുത്ത ആളാണ് ഞാന്‍ അതിനാല്‍ തന്നെ അതൊരു കുറ്റകൃത്യമായി ഞാന്‍ കാണുന്നില്ല” ഉമാ ഭാരതി പറഞ്ഞു.
അതേസമയം മറ്റൊരു കുറ്റാരോപിതനായ ഹിന്ദുത്വ നേതാവ് രാം വിലാസ് പാസ്വാനി “അയോദ്ധ്യയിലെ കെട്ടിടം തകര്‍ത്തത്തില്‍ ഒരാളാണ് ഞാന്‍ ” എന്ന് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടെ ബാബറി മസ്ജിദ് ധ്വംസന ഗൂഢാലോചന കേസില്‍ എല്‍കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുടെ വിടുതല്‍ ഹര്‍ജി കോടതി തളളി.
ഇവര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റവും കോടതി ചുമത്തി. അദ്വാനി, ഉമാഭാരതി, മുരരളീമനോഹർ ജോഷി തുടങ്ങി 13 ബിജെപി നേതാക്കൾക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. 50,000രൂപയാണ് ജാമ്യത്തുക. പ്രതികൾ ഗൂഢാലോചനക്കുറ്റം കോടതിയിൽ നിഷേധിച്ചു.
Read More : “ദേഖ്തേ രഹോ ഭായി” അതെ, കണ്ടുകൊണ്ടേയിരിക്കാം വെറുതെയെങ്കിലും ഈ കളി