/indian-express-malayalam/media/media_files/uploads/2019/08/Imran-Khan.jpg)
ഇസ്‌ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരായ വിമർശനം രൂക്ഷമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ഇനി ഒരു സന്ധി സംഭാഷണത്തിനില്ലെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ, ആണവായുധം കൈവശമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇമ്രാൻ ഖാൻ ആശങ്കയും ഉന്നയിച്ചു.
ഓഗസ്റ്റ് അഞ്ചിന് കശ്മീരിൽ നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങൾക്ക് മുമ്പും ശേഷവും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയ്ക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നെങ്കിലും, മോദി ആ അഭ്യർഥനകൾ ആവർത്തിച്ച് നിരസിക്കുകയായിരുന്നുവെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഖാൻ പരാതിപ്പെട്ടു.
“അവരോട് സംസാരിക്കുന്നതിൽ അർഥമില്ല. ഞാൻ ഒരുപാട് പറഞ്ഞു. നിർഭാഗ്യവശാൽ, ഇപ്പോൾ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, സമാധാനത്തിനും സംഭാഷണത്തിനുമായി ഞാൻ നടത്തിയ എല്ലാ ശ്രമങ്ങളും അവർ പ്രീണനത്തിനായി ഉപയോഗിച്ചുവെന്ന് കരുതുന്നു, ”ഇസ്‌ലാമാബാദിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ച് നടത്തിയ അഭിമുഖത്തിൽ ഖാൻ പറഞ്ഞു. “ഞങ്ങൾക്ക് കൂടുതലായി ഒന്നും ചെയ്യാനാകില്ല.”
രണ്ടാഴ്ചകൾക്ക് മുൻപ്, കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ, ഇന്ത്യയുടെ ഹിന്ദുത്വ സർക്കാരിന്റെ നടപടിയിൽ താൻ അപലപിക്കുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സംഘർഷ സാധ്യതകളെയോ പ്രതിഷേധങ്ങളെയോ എതിർക്കുന്ന ഇന്ത്യ, താഴ്‌വരയിൽ സൈനികരെ വിന്യസിക്കുകയും, പ്രദേശത്തെ ആശയവിനിമയ ഉപാധികൾ നിരോധിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും കശ്മീർ ജനതയ്‌ക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്നും പ്രദേശത്തിന്റെ രാഷ്ട്രീയ നേതാക്കളെ തടഞ്ഞുവച്ചുവെന്നും, മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു. അതേസമയം, ഇമ്രാൻ ഖാന്റെ വിമർശനത്തിന് ഇന്ത്യ ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ ന്യൂയോർക്ക് ടൈംസ് എഡിറ്റോറിയൽ ബോർഡ് സന്ദർശിച്ച അമേരിക്കയിലെ ഇന്ത്യയുടെ അംബാസഡർ ഹർഷ് വർധൻ ഷ്രിംഗ്‌ല ഈ വിമർശനം നിരസിച്ചു.
“സമാധാനത്തിനായി ഞങ്ങൾ മുൻകൈയെടുക്കുമ്പോഴെല്ലാം അത് ഞങ്ങൾക്ക് ദോഷകരമായി മാറിയെന്നാണ് ഞങ്ങളുടെ അനുഭവം,” അംബാസഡർ പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാൻ വിശ്വസനീയവും തിരുത്തലില്ലാത്തതും ഉറപ്പുള്ളതുമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കശ്മീരിലെ ഇന്ത്യയുടെ നടപടികളുടെ കാഠിന്യത്തെക്കുറിച്ചും അദ്ദേഹം വാദിച്ചു. “കാര്യങ്ങൾ സാധാരണ നിലയിലേക്കാണ് ഇപ്പോൾ പോകുന്നത്,” അദ്ദേഹം പറഞ്ഞു. “സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്,” അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.