ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തി മത്സരിക്കില്ലെന്ന് കോൺഗ്രസ്. പ്രതിപക്ഷത്തെ മതേതര നിലപാടുളള കക്ഷികളെ ഒന്നിപ്പിച്ച് കൂടുതൽ ശക്തമായ പ്രതിപക്ഷ നിരയെ കെട്ടിപ്പടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോൺഗ്രസ് ഒരാളെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുകയില്ലെന്ന് മാത്രമല്ല, സീറ്റ് നില അനുസരിച്ച് ഒരാളെ പ്രധാനമന്ത്രിയായി പിന്നീട് നിശ്ചയിക്കുകയും ചെയ്യാമെന്ന തീരുമാനത്തിലുമാണ്. പ്രതിപക്ഷ ഐക്യം ഇല്ലാതാക്കാൻ പ്രധാനമന്ത്രി പദം ഒരു കാരണമായിക്കൂടെന്നാണ് കോൺഗ്രസിന്റെ നയം. ശക്തമായ കൂട്ടുകെട്ടുണ്ടാക്കിയാൽ പല സംസ്ഥാനങ്ങളിലും ബിജെപിയെക്കാൾ മുന്നേറ്റമുണ്ടാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
കൂടുതൽ സീറ്റുകളുളള ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് സീറ്റുറപ്പിക്കാനാണ് ശ്രമം. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ അനുകൂല രാഷ്ട്രീയ സാഹചര്യമാണെന്നാണ് കോൺഗ്രസ് വിലയിരുത്തിയിരിക്കുന്നത്.
രാജസ്ഥാൻ, മദ്യപ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്ത് ആശയഐക്യം രൂപീകരിക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.