ന്യൂഡൽഹി: പുതിയ ആയിരം രൂപ നോട്ടുകൾ പുറത്തിറക്കാൻ പദ്ധതിയില്ലെന്നു കേന്ദ്ര സർക്കാർ. 1000 രൂപയുടെ പുതിയ നോട്ട് വരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.

500 രൂപയുടെയും അതിനു താഴെ മൂല്യമുളള നോട്ടുകളുടെയും അച്ചടി കൂട്ടാനും അവ വിപണിയിലെത്തിക്കാനുമാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. 1000 രൂപ നോട്ടുകൾ പുറത്തിറക്കാൻ ഒരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എടിഎമ്മുകളിൽ പണം ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതികൾ പരിശോധിച്ച് വരികയാണ്. എടിഎമ്മുകളിൽ ആവശ്യത്തിൽ കൂടുതൽ പണം ചിലർ പിൻവലിക്കുന്നത് മറ്റുളളവർക്ക് പണം ലഭിക്കാതിരിക്കാൻ ഇടയാക്കുന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു. എടിഎമ്മുകളിൽ നിന്ന് ആവശ്യത്തിന് മാത്രം പണം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ പുതിയ 1000 രൂപയുടെ നോട്ടുകൾ ഇറക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ എപ്പോഴാണ് ഇത് പുറത്തിറക്കുന്നത് എന്നതു സംബന്ധിച്ച് അറിയില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

രാജ്യത്തേയ്‌ക്ക് വരുന്ന കള്ളപ്പണത്തിന്റെയും കള്ളനോട്ടുകളുടെയും ഒഴുക്ക് തടയാനായാണ് 500, 1000 രൂപ നോട്ടുകള്‍ കഴിഞ്ഞ നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവാക്കിയത്. പിന്നീട് കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ 2000, 500 നോട്ടുകൾ ഇറക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ