ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ അസാധുവാക്കില്ലെന്ന് കേന്ദ്ര സർക്കാർ. കളളനോട്ടുകൾ പിടിച്ചെടുക്കാനുളള ശ്രമമാണ് സർക്കാർ നടത്തുന്നത്. 2000 രൂപയുടെ നോട്ടുകൾ അസാധുവാക്കുന്നതായുളള അപവാദ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത് ശരിയല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജു രാജ്യസഭയിൽ പറഞ്ഞു. സർക്കാർ 2000 രൂപ നോട്ടുകൾ അസാധുവാക്കാനുളള നടപടികൾ തുടങ്ങുന്നതായി വാർത്തകൾ വന്നിരുന്നു.

ഗുജറാത്തിൽനിന്നും പശ്ചിമ ബംഗാളിൽനിന്നുമാണ് കൂടുതൽ കളള നോട്ടുകൾ പിടിച്ചെടുത്തത്. എന്നാൽ പിടിച്ചെടുത്ത നോട്ടുകൾ കളള നോട്ടുകളാണെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വാർത്തകൾ തെറ്റാണെന്നും റിജ്ജു പറഞ്ഞു. നോട്ട് പിൻവലിക്കലിനുശേഷം വന്ന കളളനോട്ടുകൾ നിലവാരം കുറഞ്ഞ പേപ്പറിൽ നിർമിച്ചവയായിരുന്നു. എന്നാൽ ഇപ്പോൾ നിലവാരം കൂടിയ പേപ്പറുകളിലുളള കളളനോട്ടുകളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അച്ചടിക്കുന്ന പുതിയ നോട്ടുകളിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നോട്ടുകൾ ആർക്കും തന്നെ കോപ്പിയടിക്കാൻ കഴിയില്ലെന്നു 100 ശതമാനം വിശ്വാസമുണ്ടെന്നും റിജ്ജു സഭയിൽ പറഞ്ഞു.

നോട്ട് നിരോധനത്തിനുശേഷം ഗുജറാത്തിലും പശ്ചിമ ബംഗാളിൽ നിന്നുമായി 4.53 കോടി രൂപയുടെ 22,677 പുതിയ 2000 രൂപയുടെ നോട്ടുകൾ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) പിടിച്ചെടുത്തിരുന്നു. അസമിലും പശ്ചിമ ബംഗാളിലും നിന്നായി 378 പുതിയ 2000 രൂപ നോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ