ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ തനിക്ക് തലയിണയോ കസേരയോ ഇല്ലെന്ന് ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. തലയിണയോ കസേരയോ തനിക്ക് നല്‍കുന്നില്ലെന്നും അതിനാല്‍ നടുവേദന പിടിച്ചെന്നും ചിദംബരം സുപ്രീം കോടതിയില്‍ പരാതി പറഞ്ഞു. ചിദംബരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
“സെല്ലിനുള്ളില്‍ ചിദംബരത്തിന് ഒരു കസേരയില്ല. കിടക്കയില്‍ തലയിണയില്ല. ഇതുകൊണ്ടാണ് അദ്ദേഹത്തിന് നടുവേദനയെടുക്കുന്നത്. ജയില്‍ മുറിയുടെ പുറത്ത് രണ്ടു മൂന്ന് കസേരകള്‍ കിടപ്പുണ്ടായിരുന്നു. ഇപ്പോള്‍ അതും കാണാനില്ല. ആ കസേരകള്‍ അവിടെ നിന്ന് നീക്കിയിരിക്കുന്നു” – ചിദംബരത്തിന്റെ അപേക്ഷയില്‍ വിവരിക്കുന്നു. ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബലാണ് ജയില്‍ ജീവിതത്തെ കുറിച്ച് കോടതിയെ അറിയിച്ചത്.
Read Also: ചിദംബരം തിഹാര്‍ ജയിലില്‍ തുടരും; ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി
ചെറിയ പ്രശ്നമാണിതെന്നും ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടു. അതത്ര നല്ല കസേരയായിരുന്നില്ല. തുടക്കം മുതൽ ചിദംബരത്തിന്റെ മുറിയിൽ കസേരയില്ലായിരുന്നെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ചിദംബരത്തിന് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി നേരിടേണ്ടി വന്നു. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബര്‍ മൂന്ന് വരെ ചിദംബരം തിഹാര്‍ ജയിലില്‍ തുടരണം. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് തീരാനിരിക്കെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്.
സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടരുതെന്ന് ചിദംബരത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
Read Also: അഞ്ച് ശതമാനം…ജിഡിപി അഞ്ച് ശതമാനമാണ്; സർക്കാരിനെ ട്രോളി ചിദംബരം
സെപ്റ്റംബർ അഞ്ചിനാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം. സെപ്റ്റംബർ 19 വരെയായിരുന്നു ജുഡീഷ്യൽ കസ്റ്റഡി. തിഹാറിലെ ഏഴാം ജയിലിലാണ് ചിദംബരമിപ്പോൾ ഉള്ളത്. രണ്ടാം വാര്‍ഡ് സെല്‍ നമ്പര്‍ ഏഴില്‍ പ്രത്യേക സുരക്ഷയോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയായതിനാലും പ്രത്യേക സുരക്ഷ കണക്കിലെടുത്തും ഇസഡ് കാറ്റഗറി സുരക്ഷയാണ് ചിദംബരത്തിനുള്ളത്.
800 തടവുകാരാണ് ജയില്‍ നമ്പര്‍ ഏഴില്‍ ഉള്ളത്. ജയിലിലേക്ക് മരുന്നുകളെല്ലാം കൊണ്ടുപോകാന്‍ കോടതി ചിദംബരത്തിന് അനുമതി നല്‍കിയിരുന്നു. രാവിലെ ആറിന് ഉറക്കമുണര്‍ന്നാല്‍ തടവുകാര്‍ക്കായി ചായയും രണ്ട് ബിസ്‌ക്കറ്റും നല്‍കും. രാവിലെ എട്ടിനും ഒന്‍പതിനും ഇടയിലാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണ സമയത്ത് ലൈബ്രറിയില്‍ പേകാനും മുറ്റത്ത് ഉലാത്താനും സൗകര്യമുണ്ട്. ജയില്‍ അധികാരിയുടെ അനുമതിയോടെ ചിദംബരത്തിന് വീട്ടില്‍ നിന്ന് അത്യാവശ്യമുള്ള പുസ്തകങ്ങള്‍ കൊണ്ടുവരാനും വായിക്കാനും സാധിക്കും. കുടുംബാംഗങ്ങള്‍ അടക്കം ദിവസത്തില്‍ 10 പേര്‍ക്ക് ചിദംബരത്തെ ദിവസവും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.