ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്ന് മാസങ്ങൾക്ക് ശേഷം ശിവസേന മേധാവി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ തങ്ങളുടെ സഖ്യകക്ഷികളായ കോൺഗ്രസും എൻസിപിയും തമ്മിൽ അഭിപ്രായ ഭിന്നതങ്ങൾ നിലനിൽക്കെയായിരുന്നു ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. സിഎഎയെക്കുറിച്ച് ആരും ഭയപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്ധവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നീ വിഷയങ്ങളിൽ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘദിയുടെ (എം‌വി‌എ) സഖ്യ പങ്കാളികളായ ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻ‌സി‌പി) തമ്മിലുള്ള രാഷ്ട്രീയ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവനകൾ പ്രാധാന്യമർഹിക്കുന്നത്.

‘പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ആരും ഭയപ്പെടേണ്ടതില്ല. അത് ആരേയും രാജ്യത്ത് നിന്ന് പുറത്താക്കാനുള്ളതല്ല. എൻആർസി രാജ്യത്തൊട്ടാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണ്,’ ഉദ്ധവ് പറഞ്ഞു.

“എൻ‌പി‌ആർ ആരെയും നാട്ടിൽ നിന്ന് പുറത്താക്കാനല്ല, ഓരോ 10 വർഷത്തിലും സെൻസസ് നടക്കുന്നു, ഇത് ഒരു പതിവ് പ്രക്രിയയാണ്. അപകടകരമായ എന്തെങ്കിലും ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയാൽ ഞങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കും,” സഖ്യകക്ഷികളുമായുള്ള വ്യത്യാസങ്ങളെ ചോദിച്ചപ്പോൾ ഇതായിരുന്നു ഉദ്ധവ് താക്കറെയുടെ മറുപടി.

ശിവസേനയും ബിജെപിയും നേരത്തേ സഖ്യകക്ഷികളായിരുന്നുവെങ്കിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു.

വെള്ളിയാഴ്ച മോദിയുമായുള്ള കൂടിക്കാഴ്ചയിൽ താക്കറെ ചരക്ക് സേവനനികുതി (ജിഎസ്ടി), പ്രധാൻ മന്ത്രി ഫസൽ ഭീമ യോജന (പിഎംഎഫ്ബിവൈ) എന്നിവയുടെ നഷ്ടപരിഹാര പ്രശ്നങ്ങളും ചർച്ച ചെയ്തു. സഖ്യ പങ്കാളികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ സഖ്യത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന് ചോദിച്ചപ്പോൾ, സഖ്യം കോമൺ മിനിമം പ്രോഗ്രാമിൽ (സി‌എം‌പി) ഉറച്ചുനിൽക്കുകയാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും താക്കറെ പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഉദ്ധവ് താക്കറെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook