ലക്‌നൗ: ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ പ്രസിഡന്റ് പദത്തിൽ അടുത്ത 20 വർഷത്തേക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മായാവതി. “ആരും പാർട്ടി പ്രസിഡന്റ് പദം അടുത്ത 20 വർഷത്തേക്ക് സ്വപ്‌നം കാണേണ്ട,” എന്നാണ് അവർ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

പാർട്ടി നേതൃത്വത്തിനായി പ്രത്യേക പ്രയത്നം നടത്തേണ്ടതില്ലെന്ന് പറഞ്ഞ മായാവതി, സ്വയം മഹാനാണെന്ന് കാണിക്കാനുളള പ്രവർത്തനങ്ങളും ആവശ്യമില്ലെന്ന് പറഞ്ഞു. തന്റെ പിൻഗാമി പദം ആരും ഇപ്പോഴേ മോഹിക്കേണ്ടെന്നും അടുത്ത 20 വർഷത്തേക്ക് താൻ തന്നെയാകും പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തിലെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഭോപ്പാലിലെ ഒരു ഹോട്ടലിൽ നിന്നും പുറത്തേക്ക് കടക്കുന്നതിനിടെ വീണ് മായാവതിയുടെ മുട്ടിന് പരുക്കേറ്റിരുന്നു. ഡിസംബറിൽ നടന്ന അപകടത്തിന് ശേഷം ആറ് മാസമായി മുട്ടുവേദന മായാവതിയെ അലട്ടുന്നുണ്ട്.

ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ ശത്രുസ്ഥാനത്തായിരുന്ന സമാജ്‌വാദി പാർട്ടിയുമായി മായാവതി സഖ്യത്തിലേർപ്പെട്ടതോടെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും സഖ്യം സാധ്യമാകുമെന്നാണ് കരുതുന്നത്. പരസ്‌പര ബഹുമാനത്തോടെ സീറ്റ് വിഹിതം നടന്നാൽ മാത്രമേ താൻ സഖ്യത്തിനുളളൂവെന്നാണ് മായാവതി ഇതേക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ