ലക്‌നൗ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വർഗീയ പ്രസ്‌താവന നടത്തി യുപിയിലെ ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലെ ആളുകൾ മുസ്‌ലിങ്ങളുടെ കടയിൽ നിന്നു പച്ചക്കറി വാങ്ങരുതെന്ന് ബിജെപി എംഎൽഎ സുരേഷ് തിവാരി പറഞ്ഞു. മുസ്‌ലിം ഉടമകളുടെ കടയിൽ നിന്നു പച്ചക്കറി സാധനങ്ങൾ വാങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്നാണ് ബിജെപി എംഎൽഎയുടെ പ്രസ്‌താവന.

Read Also: കോട്ടയം ജില്ലയിൽ കടുത്ത നിയന്ത്രണം; ഹോട്ട്‌സ്‌പോട്ടുകൾ അറിയാം

ദിയോറ ജില്ലയിലെ ബർഹാജ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സുരേഷ് തിവാരി. “എല്ലാവരും ഒരു കാര്യം മനസിൽ സൂക്ഷിക്കുക, ഞാൻ എല്ലാവരോടും ഒരുകാര്യം തുറന്നുപറയുകയാണ്, ആരും മുസ്‌ലിങ്ങളുടെ കടയിൽ നിന്നു പച്ചക്കറി സാധനങ്ങൾ വാങ്ങരുത്,” ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരോട് അടക്കം സുരേഷ് തിവാരി നിർദേശിച്ചു. സർക്കാർ ജീവനക്കാർ അടക്കം പങ്കെടുത്ത പരിപാടിയിലാണ് ബിജെപി എംഎൽഎ ഇങ്ങനയൊരു പ്രസ്‌താവന നടത്തിയത്. കഴിഞ്ഞ ആഴ്‌ചയാണ് സംഭവം. സാമൂഹ്യമാധ്യമങ്ങളിൽ ബിജെപി എംഎൽഎയുടെ പരാമർശം വലിയ ചർച്ചയായി.

Read Also: ടെലഗ്രാം മെസഞ്ചറിൽ ഗ്രൂപ്പ് വീഡിയോ കോൾ; ഓൺലൈൻ വിദ്യാഭ്യാസത്തിന് നാല് ലക്ഷം യൂറോ

ജില്ലയിൽ പച്ചക്കറി സാധനങ്ങൾ വിൽക്കുന്ന മുസ്‌ലിങ്ങൾ ഉമിനീരിലൂടെ കൊറോണ വെെറസ് പരത്താൻ ശ്രമിക്കുന്നതായി തനിക്കു പരാതി ലഭിച്ചെന്നാണ് ബിജെപി എംഎൽഎയുടെ ന്യായീകരണം. അതിനാലാണ് താൻ ഇങ്ങനെയൊരു പ്രസ്‌താവന നടത്തിയതെന്നും എംഎൽഎ പറഞ്ഞു. “ഞാൻ അവരോട് മുസ്‌ലിങ്ങളിൽ നിന്നു പച്ചക്കറി വാങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട്. സ്ഥിതി സാധാരണ നിലയിലായാൽ പിന്നീട് എന്ത് വേണമെന്ന് ഓരോരുത്തർക്കും സ്വയം തീരുമാനിക്കാം,” എംഎൽഎ പറഞ്ഞു. “ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്ന് മാത്രം. എന്ത് വേണമെന്ന് ഓരോരുത്തർക്കും സ്വയം തീരുമാനിക്കാം. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ എന്താണ് ചെയ്‌തതെന്ന് എല്ലാവർക്കും അറിയുന്നതല്ലേ?.” എംഎൽഎ വിശദീകരിച്ചു. അതേസമയം, പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധമില്ലെന്നും ഔദ്യോഗികമായി ഇങ്ങനെയൊരു പ്രസ്‌താവന പാർട്ടി നടത്തിയിട്ടില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു. എംഎൽഎയുടെ പ്രസ്‌താവനയെ കുറിച്ച് അന്വേഷിക്കുമെന്നും ബിജെപി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook