ന്യൂഡല്‍ഹി: ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയില്‍ നിന്നും നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നത്. വരാണസിയില്‍ ഇന്നലെ എത്തിയ നരേന്ദ്രമോദി വൈകീട്ട് മെഗാ റോഡ്ഷോ നടത്തിയിരുന്നു. വന്‍ ജനപങ്കാളിത്തമുള്ള റോഡ് ഷോക്ക് ശേഷം ദശാശ്വമേധ ഗട്ടില്‍ പ്രത്യേക പൂജയും നടത്തിയിരുന്നു. ബി.ജെ.പി ശക്തി പ്രകടനം കൂടിയായിരുന്നു റോഡ് ഷോ.

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും റാലിയില്‍ പങ്കെടുത്തിരുന്നു. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് രാവിലെ 8 മണിയോടെ തുടക്കമാകും. ആദ്യം ബൂത്ത് തല പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയാണ്. ശേഷം ക്ഷേത്ര സന്ദര്‍ശനം. 10 മണിയോടെ കാല്‍ ഭൈരവ ക്ഷേത്രത്തിലെത്തും. രണ്ട് മണിക്കൂര്‍ അവിടെ ചെലവഴിക്കും. അതിന് ശേഷമായിരിക്കും പത്രിക സമര്‍പ്പണത്തിനായി കളക്ടറേറ്റിലേക്ക് പോകുക. 12 മണിക്കും ഒരു മണിക്കും ഇടയിലായി പത്രിക സമര്‍‍പ്പിക്കും.

ഇന്നലെ റോഡ് ഷോയ്ക്കിടെ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഭീകരവാദം നേരിടുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ കീഴില്‍ ഭീകരര്‍ക്ക് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ വര്‍ഷം നമ്മള്‍ മെഗാ കുംഭമേള നടത്തി. ഭീകരര്‍ക്ക് നമ്മുടെ പുണ്യ സ്ഥലങ്ങളും ക്ഷേത്രങ്ങളും ആക്രമിക്കാനുളള ധൈര്യം ഇല്ലാതാക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് അത് സാധ്യമായത്,’ മോദി പറഞ്ഞു.

ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ യാതൊരു തെറ്റും ചെയ്യാത്തവരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആഗ്രഹിച്ചത് എല്ലാം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ സാധ്യമായെന്ന് അവകാശപ്പെടില്ലെന്നും എന്നാല്‍ വികസനത്തിനുളള പാത വെട്ടിത്തുറക്കാന്‍ സാധിച്ചെന്നും മോദി കൂട്ടിച്ചേര്ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook