പട്‌ന: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. മോദിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും പ്രതിപക്ഷ പാർട്ടികള്‍ ജനങ്ങളെ വഞ്ചിക്കുന്നതില്‍ നിന്നും തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍, ഭാര്യയും മക്കളുമില്ലാത്ത മോദി ആര്‍ക്കുവേണ്ടി സ്വത്ത് സമ്പാദിക്കണം എന്നുകൂടി വ്യക്തമാക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

‘എനിക്ക് വല്ലാത്ത വേദന തോന്നുന്നു. മോദിയെ കുറേകാലമായി എനിക്കറിയാം. നിങ്ങള്‍ക്ക് വേണമെങ്കില്‍ അദ്ദേഹത്തിനെതിരെ വേറെ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാം. മോദി കുറച്ചു മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നോ കൂടുതല്‍ ചെയ്യണമെന്നോ ഒക്കെ. പക്ഷെ പ്രധാനമന്ത്രിയുടെ സത്യസന്ധതയേയും ഉദ്ദേശ്യ ശുദ്ധിയേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. ആളുകളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്,’ രാജ്‌നാഥ് സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മുഖ്യമന്ത്രിമാരോ ഉള്‍പ്പെടെ ബിജെപിയിലെ ഒരു നേതാവും അഴിമതി നടത്തില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. തനിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവച്ച എല്‍.കെ.അഡ്വാനിയാണ് തങ്ങളുടെ മാതൃകയെന്നും അദ്ദേഹം വ്യക്തമാക്കി.

‘അത്തരമൊരു സംഭവം നടന്നതായി ചിലര്‍ പറഞ്ഞു. അതിനാല്‍ രാജിവച്ചുകൊണ്ട് അഡ്വാനിജി മാതൃക കാണിച്ചു. തന്റെ നിരപരാധിത്വം തെളിയിച്ചിട്ടേ ഇനി പാര്‍ലമെന്റില്‍ കാല്‍കുത്തുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. അതാണ് രാഷ്ട്രീയം,’ രാജ്‌നാഥ് സിങ് പറഞ്ഞു. 1996ലെ ഹവാല കേസിനെ കുറിച്ചായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ