മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാവുന്ന ‘പിഎം നരേന്ദ്ര മോദി’ ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ റിലീസിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്റെ റിലീസെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

‘ഒരു സിനിമയുടെ റിലീസ് തിയതി സംബന്ധിച്ച് തങ്ങള്‍ക്കൊന്നും ചെയ്യാനില്ല’ എന്നാണ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഏപ്രില്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ ഏത് രാഷ്ട്രീയ പരസ്യത്തിനും ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ വഴിയുള്ളതായാലും – തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് കമ്മിറ്റിയുടെ അംഗീകാരം വേണം.

Read: ‘പിഎം നരേന്ദ്രമോദിക്കായി ഞാന്‍ ഗാനമൊന്നും എഴുതിയിട്ടില്ല’; ജാവേദ് അക്തറിന് പിന്നാലെ സമീറും

സിനിമയുടെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ സിനിമ ഒരു കലാ സൃഷ്ടി എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ പ്രചാരണായുധമായാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി, ആര്‍പിഎന്‍ സിങ്, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും മോദി സിനിമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയേക്കാള്‍ ദുരന്തമാണ് പിഎം നരേന്ദ്ര മോദി എന്ന് ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. അതേസമയം, ഇത് എല്ലായിടത്തും കാണിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന് സിനിമയെ പരിഹസിച്ചുകൊണ്ട് ഒമര്‍ അബ്ദുള്ള പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook