ന്യൂഡല്‍ഹി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ഇന്ന് ജമ്മു കശ്മീരിലെത്തി. 23 അംഗ സംഘമാണ് ശ്രീനഗറിലെത്തിയത്. 27 അംഗ സംഘമാണ് ഇന്ത്യയിലേക്കു എത്തിയതെങ്കിലും നാല് പേർ കശ്‌മീർ സന്ദർശിക്കാതെ നാട്ടിലേക്ക് മടങ്ങി.
യൂറോപ്യൻ സംഘത്തിന്റെ കശ്‌മീർ സന്ദർശനത്തെ ആസൂത്രണം ചെയ്‌ത യാത്ര എന്നാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിശേഷിപ്പിച്ചത്. യൂറോപ്യൻ സംഘത്തിന്റെ സന്ദർശനത്തോട് വിയോജിപ്പില്ലെന്നും എന്നാൽ, എന്തുകൊണ്ടാണ് രാജ്യത്തെ എംപിമാർക്ക് കശ്‌മീർ സന്ദർശിക്കാനുള്ള അനുമതിയില്ലാത്തതെന്നും ഗുലാം നബി ആസാദ് ചോദിച്ചു.
അതേസമയം, കശ്‌മീരിൽ തീവ്രവാദികളും സിആർപിഎഫ് സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പുൽവാമ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഏറ്റുമുട്ടലിൽ ആർക്കും പരുക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്.
Read Also: ദേശീയഗാനത്തിനു എഴുന്നേറ്റുനില്‍ക്കാത്ത കുടുംബത്തെ തിയറ്ററിൽനിന്നു പുറത്താക്കി കന്നഡ നടിയും സംഘവും
ഇന്ത്യൻ സന്ദർശനത്തിനു മുന്നോടിയായി യൂറോപ്യൻ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയിലെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്ക് തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നൽകിയ വിരുന്നിൽ ജമ്മു കശ്മീരിൽനിന്നുള്ള മൂന്നു നേതാക്കളുമുണ്ടായിരുന്നു. കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും പിഡിപി നേതാവുമായ മുസാഫർ ബേഗ്, കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ്, മുൻ പിഡിപി നേതാവ് അൽത്താഫ് ബുഖാരി എന്നിവരാണ് വിരുന്നിൽ പങ്കെടുത്തത്.
പ്രധാനമന്ത്രിയാണ് പ്രതിനിധി സംഘത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. പ്രത്യക പദവി റദ്ദാക്കിയശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്ന് ആഗോളസമൂഹത്തെ ബോധ്യപ്പെടുത്താനാണ് പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി ക്ഷണിച്ചത്.
ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് ഓഗസ്റ്റ് 30നാണ് കേന്ദ്രസർക്കാർ റദ്ദാക്കിയത്. ഇതിനു മുന്നോടിയായി കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിരുന്നു. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള തുടങ്ങിയ നിരവധി നേതാക്കൾ ഇപ്പോഴും തടങ്കലിലാണ്.