ഹൈദരാബാദ്: പ്രമുഖ ദലിത് എഴുത്തുകാരന്‍ കാഞ്ച ഇലയ്യയെ ശനിയാഴ്ച അധികൃതര്‍ വീട്ടുതടങ്കലിലാക്കി. വിജയവാഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നത് തടയാനായിരുന്നു നടപടി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിജയവാഡ പൊലീസ് ഇലയ്യക്ക് അനുമതി നിഷേധിച്ചിരുന്നു.
സമ്മേളനത്തിന് അനുമതിയില്ലെന്നും പങ്കെടുക്കാൻ വീട്ടിൽനിന്ന് ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ഹൈദരാബാദ് തർനാക പൊലീസ് ഇലയ്യയെ അറിയിക്കുകയായിരുന്നു. ‘വൈശ്യർ സാമൂഹിക കൊള്ളക്കാർ’ എന്ന പുസ്തകത്തിന്റെ പേരിൽ ആര്യവൈശ്യസമുദായം കാഞ്ച ഇലയ്യക്കെതിരെ വൻ പ്രതിഷേധത്തിലാണ്. ഈയിടെ അദ്ദേഹത്തിന്റെ കാർ തടഞ്ഞ് ആക്രമിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പുസ്തകം നിരോധിക്കാനുള്ള ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ് നൂറുകണക്കിന് പേർ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടിനുചുറ്റും തടിച്ചുകൂടി.