ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ വേഗം കുറയ്ക്കാന്‍ ലോക്ക്ഡൗണിനു കഴിഞ്ഞുവെന്നും രോഗം ഇരട്ടിയാകുന്ന സമയം വര്‍ധിക്കുകയും കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത കാലയളവ് ഏകദേശം 10 ദിവസമായെന്നും പഠനം. നീതി ആയോഗ് അംഗവും മെഡിക്കല്‍ മാനേജ്‌മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ ആണ് പഠനം അവതരിപ്പിച്ചത്.
ഇന്ത്യയില്‍ അടുത്ത മാസം പകുതിയോടെ പുതിയ കൊറോണ കേസുകള്‍ ഇല്ലാതാകുമെന്ന് പഠനത്തിൽ പറയുന്നു. ഇന്ത്യയില്‍ കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ അവസാനിക്കുമെന്നാണ് പഠനം പറയുന്നത്.
Read More: മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക വെബ്സൈറ്റിൽ രജിസ്ട്രേഷൻ ആരംഭിച്ചു
മെയ് മൂന്നു മുതല്‍, ഒരു ദിവസം ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് എത്തും. ഒറ്റദിവസം 1500 കേസുകള്‍ക്ക് മുകളില്‍വരെ എത്താം. ഇത് മെയ് 12 ന് അകം 1,000 കേസുകളിലേക്കും മെയ് 16 ഓടെ പൂജ്യമായും കുറയും. ഈ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ ശനിയാഴ്ചയ്ക്കും മെയ് ആദ്യ രണ്ടാഴ്ചയ്ക്കുമിടയില്‍ 35,000 ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവില്ലെന്നാണ് പ്രവചനം.
എന്നാല്‍ ഈ പഠനം ശരിയാവാന്‍ ഇടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗം കുറയുന്നത് സംബന്ധിച്ച് ഒരുതെളിവും ഇപ്പോഴില്ല. രോഗം വളരെക്കാലം നീണ്ടുനില്‍ക്കുമെന്ന ധാരണയില്‍ വെന്റിലേറ്ററുകള്‍, കിടക്കകള്‍, ഐസിയു തുടങ്ങിയ കാര്യങ്ങള്‍ ആസുത്രണം ചെയ്തുവരികയാണെന്ന് വിദഗ്ധര്‍ പറയുന്നു.
അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 26,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 26,496 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 19,868 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 49 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 824 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. ഗുജറാത്തിലും സ്ഥിതി സങ്കീർണമാണ്.
കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ തുടരുകയാണ്. മേയ് മൂന്ന് വരെയാണ് രണ്ടാം ഘട്ട അടച്ചുപൂട്ടൽ. മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഡൽഹിയടക്കമുള്ള ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയതായാണ് റിപ്പോർട്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും.
മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയാണ് ആദ്യം രംഗത്തെത്തിയത്. അതിനുപിന്നാലെ മഹാരാഷ്‌ട്ര, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥനങ്ങളും സമാന ആവശ്യം ഉന്നയിച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണെന്നാണ് സംസ്ഥനങ്ങളുടെ അഭിപ്രായം.