ന്യൂഡൽഹി: മൂന്നാം കോവിഡ് ഡോസിന് അർഹതയുള്ളവർക്ക് ഓൺലൈൻ അപ്പോയിൻമെന്റ് എടുക്കുകയോ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തുകയോ ചെയ്യാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 60 കഴിഞ്ഞ മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർക്കു മാത്രമാണ് കരുതൽ ഡോസ് എന്ന നിലയിൽ നൽകുന്ന മൂന്നാം കോവിഡ് ഡോസിന് അർഹതയുള്ളത്.
”കോവിൻ പോർട്ടലിൽ പുതുതായി രജിസ്റ്റർ ചെയ്യേണ്ട. രണ്ടു കോവിഡ് ഡോസും എടുത്തവർക്ക് നേരിട്ട് അപ്പോയിൻമെന്റ് അല്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയോ മൂന്നാം ഡോസ് സ്വീകരിക്കാം. മൂന്നാം ഡോസിനുള്ള ബുക്കിങ് ഇന്നു വൈകീട്ട് മുതൽ തുടങ്ങും. ജനുവരി 10 മുതലാണ് വാക്സിൻ നൽകി തുടങ്ങുക,” മന്ത്രാലയത്തിലെ വൃത്തങ്ങൾ പറഞ്ഞു.
നേരത്തെയെടുത്ത അതേ വാക്സിനാണ് മൂന്നാം ഡോസായും നൽകുകയെന്ന് ഈ ആഴ്ച ആദ്യം സർക്കാർ വ്യക്തമാക്കിയിരുന്നു. രണ്ടാം ഡോസെടുത്ത് 9 മാസം (39 ആഴ്ച) പിന്നിട്ടവർക്കാണ് കരുതൽ ഡോസ് സ്വീകരിക്കാനാവുക.
ഡിസംബർ 25 നാണ് അർഹതപ്പെട്ടവർക്ക് ജനുവരി 10 മുതൽ മൂന്നാം ഡോസ് നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. 15-18 വയസ്സുകാർക്കുള്ള വാക്സിൻ ജനുവരി മൂന്നു മുതൽ തുടങ്ങിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് വാക്സിനേഷന്റെ പുതിയ ഘട്ടം തുടങ്ങുന്നത്. ഇന്നലെ മാത്രം 1,17,100 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
Read More: പരിവർത്തനം ചെയ്യപ്പെട്ട ഒമിക്രോൺ വകഭേദം; ലഘുവായ ലക്ഷണങ്ങളെങ്കിലും അപകടകരമോ?