scorecardresearch

ഇസ്രയേൽ അധിനിവേശത്തിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടാണ്; ഇന്ത്യൻ നിലപാട് മാനിക്കുന്നുവെന്ന് ജോർദാൻ അംബാസിഡർ

'ഗാസയിൽ നിന്നും ജനങ്ങളെ ആട്ടിയോടിക്കാനും ഒഴിപ്പിക്കാനുമാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇതിനെയാണ് ജോർദാൻ പൂർണമായി എതിർക്കുന്നത്. മുഴുവൻ അറബ് രാഷ്ട്രങ്ങളും ഇസ്രയേൽ അധിനിവേശത്തിനെതിരെ ഒറ്റക്കെട്ടാണ്. ഈ രാഷ്ട്രങ്ങൾക്കെല്ലാമുള്ള അപകട മുന്നറിയിപ്പാണിത്'

'ഗാസയിൽ നിന്നും ജനങ്ങളെ ആട്ടിയോടിക്കാനും ഒഴിപ്പിക്കാനുമാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇതിനെയാണ് ജോർദാൻ പൂർണമായി എതിർക്കുന്നത്. മുഴുവൻ അറബ് രാഷ്ട്രങ്ങളും ഇസ്രയേൽ അധിനിവേശത്തിനെതിരെ ഒറ്റക്കെട്ടാണ്. ഈ രാഷ്ട്രങ്ങൾക്കെല്ലാമുള്ള അപകട മുന്നറിയിപ്പാണിത്'

author-image
WebDesk
New Update
Jordan Amabassoder | India | Isreal Palestine conflicts

ഫൊട്ടോ: എക്സ്/ FIEO

ഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ അടിയന്തിര മനുഷ്യാവകാശ ഇടപെടൽ വേണമെന്ന ജോർദാൻ്റെ പ്രമേയത്തിന് അനുകൂലമായി, ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ വോട്ട് ചെയ്യാതെ വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ മാനിക്കുന്നുവെന്ന് ഇന്ത്യയിലെ ജോർദാൻ അംബാസിഡർ മുഹമ്മദ് എൽ കായെദ് പറഞ്ഞു. ഇന്ത്യയുടേത് ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിലുള്ള തീരുമാനമാണെന്നും അതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇരു രാജ്യങ്ങളോടും ചർച്ച തുടരാനാകും വിധം വിഷയത്തിൽ ഇന്ത്യ സമദൂര നിലപാടാണ് സ്വീകരിച്ചതെന്നും കായെദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

ഒക്‌ടോബർ ഏഴിന് ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് പരാമർശിക്കാതെ ജോർദൻ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നതിൽ നിന്നാണ് ഇന്ത്യ വിട്ടുനിന്നത്. 120 രാജ്യങ്ങൾ ഈ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ, 14 പേർ എതിർത്തും വോട്ട് ചെയ്തു. അതേസമയം, ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. 

ഓരോ രാജ്യവും അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുക്കുന്നതെന്നും ഇന്ത്യയുടെ നിലപാട് അപ്രകാരമായിരുന്നുവെന്നും മുഹമ്മദ് എൽ കായെദ് പറഞ്ഞു. "അതിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അന്താരാഷ്ട്ര തലത്തിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ഈ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കാനാകും. ആഗോളതലത്തിൽ വളർന്നുവരുന്നൊരു സുപ്രധാന ശക്തിയെന്ന നിലയിൽ ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ ഒരു സുപ്രധാന റോൾ പങ്കുവഹിക്കാനുണ്ട്. ഗ്ലോബൽ സൌത്ത് സമ്മിറ്റ്, ജി20 ഉച്ചകോടി ഉൾപ്പെടെയുള്ള സമ്മേളനങ്ങൾക്ക് ഇന്ത്യ മുൻകൈ എടുത്തിരുന്നു.

ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിനെതിരായ കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ ആക്രമണം, ഇസ്രയേൽ മുൻകൂട്ടി കണ്ടത് പോലെ തന്നെയാണ് നടപ്പാക്കുന്നതിനുള്ള തെളിവാണ്. ഗാസയിൽ നിന്നും ജനങ്ങളെ ആട്ടിയോടിക്കാനും ഒഴിപ്പിക്കാനുമാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇതിനെയാണ് ജോർദാൻ പൂർണമായി എതിർക്കുന്നത്. മുഴുവൻ അറബ് രാഷ്ട്രങ്ങളും ഇസ്രയേൽ അധിനിവേശത്തിനെതിരെ ഒറ്റക്കെട്ടാണ്. ഈ രാഷ്ട്രങ്ങൾക്കെല്ലാമുള്ള അപകട മുന്നറിയിപ്പാണിത്," മുഹമ്മദ് എൽ കായെദ് പറഞ്ഞു.

Advertisment

ഒക്ടോബർ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവിനെ വിളിച്ച് ഇസ്രയേൽ-ഹമാസ് യുദ്ധസാഹചര്യത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. അക്രമം, ഭീകരത, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയായിരുന്നു ചർച്ചാ വിഷയങ്ങൾ. “പശ്ചിമേഷ്യൻ മേഖലയിലെ സംഭവ വികാസങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഇന്ത്യയും ജോർദാനും പങ്കുവെച്ചു. തീവ്രവാദം, അക്രമം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഞങ്ങൾ പങ്കിട്ടു. മേഖലയുടെ സുരക്ഷയും മനുഷ്യാവകാശ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് യോജിച്ച ശ്രമങ്ങൾ ആവശ്യമാണ്,” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കെയ്‌റോയിൽ നടത്തിയ പ്രസംഗത്തിൽ രാജാവ് ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞതായി കായദ് പറഞ്ഞു. “നിരവധി സാധാരണക്കാരായ മനുഷ്യർ കഷ്ടപ്പെടുന്നുണ്ടെന്നും അത് അവസാനിക്കണമെന്നും രാജാവ് പറഞ്ഞിരുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ ആളുകൾ കൊല്ലപ്പെടുന്നു. ശത്രുത അവസാനിപ്പിക്കേണ്ടതിന്റെയും ആളുകളുടെ ജീവൻ രക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ജോർദാനിലെ റാനിയ അൽ അബ്ദുള്ള രാജ്ഞിയും ചൂണ്ടിക്കാട്ടുന്നു.

ജോർദാനുകാരുടെയും പലസ്തീനികളുടെ ജീവിതങ്ങൾ ഇഴചേർന്നിരിക്കുന്നതിനാൽ പലസ്തീനിയൻ പ്രശ്നം പരിഹരിക്കുന്നത് ജോർദാന് ഏറ്റവും താൽപ്പര്യമുള്ളതാണെന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ട്. അതിനാൽ, നിരവധി ജീവനുകൾ രക്ഷിക്കാനായാണ് ഞങ്ങൾ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത്. യുദ്ധം എന്ന വാക്ക് കാര്യങ്ങളെ ലളിതമാക്കുന്നതാണ്. ഗാസയിൽ നടക്കുന്നതൊരു വംശഹത്യയാണ്. അതിനാൽ, യുദ്ധം ഇവിടെ ഉപയോഗിക്കാൻ പറ്റിയ പദമല്ല.

ഇസ്രയേൽ എല്ലായ്പ്പോഴും പലസ്തീനികളെ പരുഷമായ രീതിയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. എപ്പോഴാണ് ഈ ആക്രമണം നിർത്താൻ പോകുന്നതെന്ന് നിങ്ങൾ ഇസ്രയേലികളോട് ചോദിക്കണം. ലോകം മുഴുവൻ അവരോട് യുദ്ധം നിർത്താനാണ് ആവശ്യപ്പെടുന്നത്. അത് ഇസ്രയേലികളുടെ ഉത്തരവാദിത്തമാണ്. അവർ ഗാസ ആക്രമിക്കുന്നു. അവരുടെ ടാങ്കുകളും പീരങ്കികളും ഗാസയിൽ സ്ഥാപിക്കുന്നു. കണ്ണിൽ കാണുന്നവരെയെല്ലാം കൊല്ലുന്നു.

എന്തുകൊണ്ടാണ് പലസ്തീനികൾ നേരിടുന്ന പ്രശ്‌നങ്ങളോട് മാത്രം ഈ ഇരട്ടത്താപ്പ്? പലസ്തീനിലായാലും ഉക്രേനിലായാലും ജോർദാനിലായാലും ഇക്കാര്യത്തിൽ നമുക്ക് അന്താരാഷ്ട്ര നിലവാരം ഉണ്ടായിരിക്കണം. ഇരട്ടത്താപ്പുകളൊന്നും ഇവിടെ പ്രയോഗിക്കേണ്ടതില്ല. ആളുകളെ മാറ്റിപ്പാർപ്പിക്കാനും കൈമാറ്റം ചെയ്യാനും ഇസ്രയേൽ ആഗ്രഹിക്കുന്നു. ഞങ്ങൾ അതിനെ പൂർണ്ണമായും എതിർക്കുന്നു. ഞങ്ങൾ ഇത് അംഗീകരിക്കില്ല. കൂടാതെ, എല്ലാ അറബ് രാജ്യങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്ന് ഞാൻ കരുതുന്നു, ഇസ്രയേൽ സേന പിന്മാറുന്നേയില്ല. എല്ലാ അറബ് രാജ്യങ്ങൾക്കും അതൊരു അപായഭീതിയാണ്," ജോർദാൻ അംബാസിഡർ അറിയിച്ചു.

jordan ambassodor Israel Palestine Issues hamas india government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: