ന്യൂഡൽഹി: മഹാത്മ ഗാന്ധി വധത്തിൽ ദുരൂഹതയില്ലെന്നും പുനരന്വേഷണം വേണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോർട്ട്. വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് വധത്തിൽ പങ്കുണ്ടെന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. ഗോഡ്സെ അല്ലാതെ മറ്റൊരാൾ ഉതിർത്ത വെടിയുണ്ട ഏറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്ന വാദത്തിന് തെളിവില്ലെന്നും അമിക്കസ് ക്യൂറി അമരേന്ദർ ശരണിന്റെ റിപ്പോർട്ട്.

മുംബൈ സ്വദേശിയായ പങ്കജ് ഫഡ്നിസാണ് ഗാന്ധിജിയുടെ വധക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ‘മൂടിവയ്പ്പാണ്’ ഈ കേസെന്ന് അവകാശപ്പെട്ടാണ് അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി ആയ പങ്കജ് പുനരന്വേഷണം ആവശ്യപ്പെട്ടത്. നേരത്തേ ബോംബെ ഹൈക്കോടതി പങ്കജിന്റെ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ബ്രിട്ടിഷ് പ്രത്യേക രഹസ്യാന്വേഷണ ഏജൻസിയായ ‘ഫോഴ്സ് 136’ ആവാം കൊലപാതകത്തിനു പിന്നിലെന്നായിരുന്നു ഫഡ്നിന്റെ വാദം. ഹർജി പരിഗണിച്ച സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ അമരേന്ദർ ശരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. പുനരന്വേഷണത്തിൽ നിയമപരമായി ഒന്നും ചെയ്യാനാവില്ലെന്നു കോടതി ആദ്യം അഭിപ്രായപ്പെട്ടെങ്കിലും പിന്നീടു നിലപാടു മാറ്റി വിഷയത്തിൽ സഹായിക്കാൻ മുൻ സോളിസിറ്റർ ജനറലായ ശരണിന്റെ സഹായം തേടുകയായിരുന്നു.

1948 ജനുവരി 30നായിരുന്നു നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് മഹാത്മാ ഗാന്ധി മരിച്ചത്. ഗാന്ധി വധക്കേസ് പ്രതികളായ നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ എന്നിവരെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതി വിനായക് ദാമോദർ സവർക്കറെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook