ഭോപാല്‍: കാളകളെ വാങ്ങാന്‍ പണമില്ലാത്ത കര്‍ഷകന്‍ നിലമുഴുതത് പെണ്മക്കളെ കലപ്പയില്‍ പൂട്ടി. മന്ദസോറിനടുത്തുള്ള ബസന്ത്പൂറില്‍ നിന്നുമുള്ള കര്‍ഷകനായ സര്‍ദാര്‍ കാഹ്ലയ്ക്കാണ് കാളകളെ വാങ്ങാന്‍ പണമില്ലാതായപ്പോള്‍ പെണ്മക്കളുടെ സഹായത്തോടെ നിലമുഴുതത്.

“എന്‍റെ രണ്ടു മക്കളും പണമില്ലാത്തതിനാലാണ് സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തിയത്. എനിക്ക് കാളയെ വാങ്ങാനോ അവയെ തീറ്റിപോറ്റാനോ ഉള്ള പണമില്ല” കര്‍ഷകന്‍ പറയുന്നു.

കര്‍ഷകന്‍റെയും മക്കളുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയതോടെ അധികാരികളും ഇടപെട്ടുതുടങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കാര്യങ്ങള്‍ പഠിച്ചശേഷം സര്‍ക്കാര്‍ പദ്ധതിയില്‍ പെടുത്തിക്കൊണ്ട് കര്‍ഷകനു വേണ്ടവിധം സഹായം നല്‍കുമെന്നും ജില്ലാ പബ്ലിക് റിലേഷന്‍ ഒഫീസര്‍ ആശിഷ് ശര്‍മ ഹിന്ദുസ്ഥാന്‍ ടൈംസിനോട്‌ പറഞ്ഞു.

“നിലമുഴാനായി കുട്ടികളെ ഉപയോഗിക്കരുത് എന്ന്‍ കര്‍ഷകന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതി പ്രകാരം അവര്‍ക്കെന്ത് സഹായമാണ് കൊടുക്കാന്‍ പറ്റുക എന്ന് നോക്കുന്നുണ്ട്” ആശിഷ് ശര്‍മ പറഞ്ഞു.

സര്‍ദാര്‍ കാഹ്ലയുടെ മക്കളായ രാധികയും (14) കുന്തിയും (11) പണമില്ലാത്തതിനാലാണ് സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തിയത്. മന്ദസോര്‍ പ്രദേശത്തെ കര്‍ഷകരൊക്കെ സമാനമായ സാമ്പത്തികഞെരുക്കത്തിലൂടെയാണ് കടന്നുപോവുന്നത്.

കടംഎഴുതി തള്ളണം എന്നും വിളകള്‍ക്ക് കൂടുതല്‍ വില ഉറപ്പുവരുത്തണം എന്നുമാവശ്യപ്പെട്ടുകൊണ്ട് പ്രദേശത്ത് വലിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അത്തരത്തില്‍ നടന്നൊരു പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ ആറോളം കര്‍ഷകര്‍ മരിച്ചതും അടുത്തിടെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook