ലക്നൗ: യോഗങ്ങളില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാവില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ഔദ്യോഗിക യോഗങ്ങളിലും മന്ത്രിസഭാ യോഗങ്ങളിലും പങ്കെടുക്കുന്ന മന്ത്രിമാര്‍ക്ക് ഇത് ബാധകമാണ്. യോഗങ്ങളില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ ശ്രദ്ധയുണ്ടാവാനാണ് നടപടി. യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കാനാണ് മൊബൈല്‍ ഉപയോഗം വിലക്കിയതെന്ന് മുഖ്യമന്ത്രിയുടെ സെക്ക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
‘എല്ലാ മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങെളെ കുറിച്ച് കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മൊബൈല്‍ കാരണം മന്ത്രിമാരുടെ ശ്രദ്ധ തിരിയാന്‍ പാടില്ല. മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രിമാര്‍ തങ്ങളുടെ ഫോണ്‍ ഉപയോഗിക്കാരുണ്ട്. അവര്‍ വാട്സ്ആപ് സന്ദേശങ്ങളും ചിത്രങ്ങളും നോക്കാറുണ്ട്. പലപ്പോഴും ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്,’ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മന്ത്രിസഭാ യോഗങ്ങളിലെ വിവരങ്ങള്‍ ചോരാതിരിക്കാനും കൂടിയാണ് ഈ നടപടി. മന്ത്രിമാരെ വിശ്വാസമില്ലാത്ത് കൊണ്ടെല്ലെന്നും ഹാക്കിങ് പോലെയുളള സംവിധാനങ്ങളിലൂടെ വിവരം ചോരാമെന്ന ആശങ്കയുമാണ് സര്‍ക്കാര്‍ പങ്കുവെക്കുന്നത്. എന്നാല്‍ ചാരപ്രവൃത്തി സര്‍ക്കാര്‍ തളളിക്കളയുന്നില്ലെന്നാണ് നിഗമനം.
നേരത്തേ മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രിമാര്‍ക്ക് ഫോണ്‍ കൊണ്ടുവരാനുളള അനുവാദം ഉണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തോ സൈലന്റ് മോഡിലോ വെക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പുതിയ നിര്‍ദേശ പ്രകാരം യോഗത്തിന് കയറും മുമ്പ് ഫോണ്‍ പുറത്തെ കൗണ്ടറില്‍ ഏല്‍പ്പിക്കണം. അപ്പോള്‍ ടോക്കണ്‍ നല്‍കിയതിന് ശേഷം യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഫോണ്‍ തിരിച്ചെടുക്കാം.