ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചു. ട്വിറ്ററിലൂടെയാണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ വിവരം രാഹുൽ അറിയിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.

പുതിയ അധ്യക്ഷനെ പാർട്ടി അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. അടുത്ത അധ്യക്ഷനെ ഞാൻ തന്നെ തിരഞ്ഞെടുക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. പുതിയ ഒരാൾ പാർട്ടിക്ക് നേതൃത്വം നൽകുന്നത് പ്രധാനമാണെങ്കിലും, ആ വ്യക്തിയെ ഞാൻ തിരഞ്ഞെടുക്കുന്നത് ശരിയല്ല. ധൈര്യത്തോടും സ്നേഹത്തോടും വിശ്വസ്തതയോടും കൂടി തങ്ങളെ നയിക്കാൻ കഴിയുന്ന വ്യക്തിയെ പാർട്ടി തിരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ടെന്നും രാഹുൽ കുറിച്ചു.

ഇനിയും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ‘ഇനിയും കാലതാമസമില്ലാതെ പുതിയ അധ്യക്ഷനെ പാര്‍ട്ടി തീരുമാനിക്കണം. ഈ പ്രക്രിയയില്‍ ഞാനുണ്ടാവില്ല. ഞാന്‍ രാജിക്കത്ത് നേരത്തേ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും അധ്യക്ഷനായി ഞാന്‍ തുടരില്ല. പ്രവര്‍ത്തക സമിതി എത്രയും പെട്ടെന്ന് ചേര്‍ന്ന് അധ്യക്ഷനെ തിരഞ്ഞെടുക്കണം,’ രാഹുല്‍ ഗാന്ധി എഎന്‍ഐയോട് പറഞ്ഞു.

Read Also: ‘അയ്യോ, രാഹുല്‍ പോകല്ലേ…’; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാഹുല്‍ ഗാന്ധിയെ കണ്ടു

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് അഭ്യര്‍ഥിക്കാനാണ് മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയത്. എന്നാല്‍, രാജിയുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു.

Read Also: Horoscope Today 02 July 2019: നിങ്ങളുടെ ഇന്നത്തെ ദിവസം

“രാഹുലുമായുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. രാജ്യമൊട്ടാകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം രാഹുലിനെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് രാഹുലിനോട് ഞങ്ങള്‍ അഭ്യര്‍ഥിച്ചു. ഞങ്ങളുടെ ആവശ്യങ്ങളോട് രാഹുല്‍ വളരെ പോസിറ്റീവ് ആയി പ്രതികരിക്കുമെന്നാണ് വിശ്വസം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തു തുടരുമെന്നും വിശ്വസിക്കുന്നു” കൂടിക്കാഴ്ചയ്ക്ക് ശേഷം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook