ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ച നവ്‌ജ്യോത് സിങ് സിദ്ദുവുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സിദ്ദുവുമായി ഒരു പ്രശ്‌നവുമില്ല. വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളാണ് മന്ത്രിസഭാ പുനഃസംഘടനയില്‍ സിദ്ദുവിന് നല്‍കിയത് എന്നും അമരീന്ദര്‍ സിങ് പറഞ്ഞു. സിദ്ദു നല്‍കിയ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കിട്ടിയെന്ന കാര്യം അമരീന്ദര്‍ സിങ് സ്ഥിരീകരിച്ചു.  

മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള തർക്കം രൂക്ഷമായതാണ് സിദ്ദു രാജി വയ്ക്കാൻ കാരണമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് സിദ്ദുവുമായി ഒരു പ്രശ്നവുമില്ലെന്ന് അമരീന്ദർ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് രാജിക്കത്ത് സിദ്ദു ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന് അയച്ച രണ്ടു വരി രാജിക്കത്ത് ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ജൂണ്‍ 10ന് രാഹുല്‍ ഗാന്ധി അധ്യക്ഷനായി ഇരിക്കുമ്പോഴാണ് രാജിക്കത്ത് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും നവ്‍ജ്യോത് സിങ് സിദ്ദു രാജിവെച്ചു; രാജിക്കത്ത് പുറത്ത്

മന്ത്രിസഭയില്‍ നിന്നും രാജി വയ്ക്കുന്നതായി മാത്രമാണ് അദ്ദേഹം രാജിക്കത്തില്‍ പറയുന്നത്. കാരണം എന്താണെന്ന് വ്യക്തമാക്കുന്നില്ല. മന്ത്രിസഭയില്‍ തദ്ദേശ ഭരണ വകുപ്പിന് പകരം നല്‍കിയ ഊര്‍ജവകുപ്പ് ഏറ്റെടുക്കാന്‍ സിദ്ദു തയ്യാറായിരുന്നല്ല. മന്ത്രി പദവി ഏറ്റടുക്കാതെ സിദ്ദു ആനുകൂല്യങ്ങള്‍ കൈപറ്റുന്നുവെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും രംഗത്തെത്തിയിരുന്നു.

2018 നവംബറില്‍ കര്‍ത്താര്‍പൂര്‍ ഇടനാഴി സന്ദര്‍ശനം മുതല്‍ ആരംഭിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍-സിദ്ദു അഭിപ്രായ ഭിന്നത അതിന്റെ ഉച്ഛസ്ഥായില്‍ എത്തിയിരുന്നു. സിദ്ദുവിന് നല്‍കിയിരുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മാറ്റി ഊര്‍ജവകുപ്പ് നല്‍കിയതാണ് തര്‍ക്കം രൂക്ഷമാവാന്‍ കാരണം. പക്ഷെ പദവി ഏറ്റെടുക്കാന്‍ സിദ്ദു തയ്യാറായില്ല.

മുഖ്യമന്ത്രി വിളിക്കുന്ന യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. മന്ത്രി പദവി വഹിക്കാതെ ശമ്പളവും ആനൂകൂല്യങ്ങളും കൈപ്പറ്റുന്നു എന്ന് കാണിച്ച് ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഇരുവരും ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ശേഷം പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചതോടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook