/indian-express-malayalam/media/media_files/uploads/2019/12/UP-759.jpg)
ലഖ്‌നൗ: വെള്ളിയാഴ്ചത്തെ പ്രാർഥനയ്ക്ക് ശേഷം വീണ്ടും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തർപ്രദേശിലെ 12 ജില്ലകളിൽ അതീവ ജാഗ്രത. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് ബന്ധം നിർത്തലാക്കി.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബിജ്‌നോർ, ബുലന്ദശഹർ, മുസാഫർനഗർ, മീററ്റ്, ആഗ്ര, ഫിറോസാബാദ്, സംബാൽ, അലിഗഡ്, ഗാസിയാബാദ്, റാംപൂർ, സീതാപൂർ, കാൺപൂർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി താൽക്കാലികമായി നിരോധിച്ചു. കഴിഞ്ഞയാഴ്ച പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ചിട്ടും സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ അത്തരമൊരു നടപടി സർക്കാർ കൈക്കൊണ്ടിട്ടില്ല.
Read More: പൗരത്വ നിയമം: അക്രമങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷമെന്ന് അമിത് ഷാ
ആഗ്രയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം 6 വരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് രവി കുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ബുലന്ദഷറിൽ ശനിയാഴ്ച രാവിലെ സർവീസുകൾ പുനഃരാരംഭിക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
"ഞങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ആളുകളുമായി ചർച്ച നടത്തുകയും ചെയ്തു. എട്ട് ജില്ലകളിൽ ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്, കൂടാതെ സോഷ്യൽ മീഡിയ പോസ്റ്റുകളും നിരീക്ഷിക്കുന്നുണ്ട്,"അഡീഷണൽ ഡയറക്ടർ ജനറൽ (ക്രമസമാധാനപാലനം) പി വി രാമശാസ്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഗോരഖ്പൂരിലെ സംഘർഷ സാധ്യതാ പ്രദേശങ്ങളിൽ പോലീസ് ഫ്ലാഗ് മാർച്ച് നടത്തുകയും എല്ലാ സർക്കിൾ, പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിലും സമാധാന സമിതികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ അർദ്ധസൈനിക ഉദ്യോഗസ്ഥരെയും ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകളെയും വിന്യസിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വിജയേന്ദ്ര പാണ്ഡ്യൻ പറഞ്ഞു.
ഡിസംബർ 19 നും 21 നും ഇടയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൊല്ലപ്പെട്ടത് 19 പേരാണ്. ഇതുവരെ രജിസ്റ്റർ ചെയ്ത 327 കേസുകളിൽ 1,113 പേരെ അറസ്റ്റ് ചെയ്തതായും 5,558 പേരെ പ്രതിരോധ തടങ്കലിൽ പാർപ്പിച്ചതായും സംസ്ഥാന പോലീസ് അറിയിച്ചു.
2013 ലെ മുസാഫര്‍നഗര്‍ കലാപത്തിനുശേഷം ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റവും വലിയ പോലീസ് ആക്രമണമാണിത്. 567 കേസുകളില്‍ 1,480 പേരാണ് അന്ന് അറസ്റ്റിലായത്. കലാപത്തില്‍ 63 പേര്‍ കൊല്ലപ്പെടുകയും 50,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.
ലഖ്‌നൗവിൽ അറസ്റ്റിലായവരിൽ സാമൂഹിക പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകനുമായ സദാഫ് ജാഫർ, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ എസ് ആർ ദാരപുരി (75), അഭിഭാഷകൻ മുഹമ്മദ് ഷൂബ് (76), നാടക കലാകാരൻ ദീപക് കബീർ, റോബിൻ വർമ്മ, പവൻ റാവു അംബേദ്കർ എന്നിവരും ഉൾപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.