ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമം ഒരു ഇന്ത്യൻ പൗരനും അസൗകര്യമുണ്ടാക്കുകയോ അതു മൂലം ഉപദ്രവമുണ്ടാവുകയോ ഇല്ലായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.

” ജനനത്തീയതിയോ ജനന സ്ഥലമോ അല്ലെങ്കിൽ രണ്ടും സംബന്ധിച്ച ഏതെങ്കിലും രേഖയോ നൽകി ഇന്ത്യയുടെ പൗരത്വം തെളിയിക്കാം. അത്തരമൊരു പട്ടികയിലുള്ള ഒരു ഇന്ത്യൻ പൗരനും അനാവശ്യമായി ഉപദ്രവിക്കപ്പെടുകയോ അയാൾക്ക് അസൗകര്യമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ പൊതു രേഖകളും ഉൾപ്പെടുത്തും.”

ഇന്ത്യൻ പൗരന്മാർ അവരുടെ പഴയ തലമുറയിൽപെട്ടവരുടെ തിരിച്ചറിയൽ കാർഡുകൾ, ജനന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതില്ല. സ്വന്തമായി ഒരു രേഖയും കൈവശമില്ലാത്ത നിരക്ഷരരായ ആള്‍ക്കാർക്കു സാക്ഷികളെയും പ്രാദേശികമായ തെളിവുകളും ഹാജരാക്കാൻ അധികൃതർ തയാറാകണമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. ഉത്തർ പ്രദേശിൽ മാത്രം ഇന്ന് നടന്ന വിവിധ പ്രക്ഷോഭങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. യു.പി പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്‍റർനെറ്റിനും വിലക്കേർപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook