ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെയ്റ്റ്ലിയുടെ ജീവൻ നിലനിർത്തുന്നത്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഓഗസ്റ്റ് ഒമ്പതിന് ജെയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു. എയിംസിലെ മൾട്ടി ഡിസിപ്ലിനറി ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. ദീര്‍ഘനാളായി രോഗബാധിതനായ അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമാകുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ജെയ്റ്റ്ലി അസുഖ ബാധിതനായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
അനാരോഗ്യത്തെ തുടര്‍ന്ന് 2018 ഏപ്രലില്‍ ആദ്യം മുതലേ അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ഓഗസ്റ്റ് 23ന് തിരിച്ചെത്തി. 2014 സെപ്റ്റംബറില്‍, പ്രമേഹ രോഗത്തെ തുടര്‍ന്ന് അമിതമായി ഭാരം വയ്ക്കുകയും ഇത് ശരിപ്പെടുത്താന്‍ ബാരിയാട്രിക് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണ്‍ ജെയ്റ്റ്ലിയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. ചികിത്സകളോട് ജെയ്റ്റ്ലി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നുമാണ് അന്ന് വെങ്കയ്യ നായിഡു മാധ്യമങ്ങളോട് പറഞ്ഞത്.
ഞായറാഴ്ച രാജ്നാഥ് സിങ്, സ്മൃതി ഇറാനി ജിതേന്ദ്ര സിങ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എന്നിവർ കാർഡിയോ ന്യൂറോ സെന്റർ സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. ബിജെപി എംപിമാരായ രാജ്യവർധൻ സിങ് റാത്തോർ, ഗൗതം ഗംഭീർ, ആർഎസ്എസ് തലവൻ മോഹൻ ഭഗവത് എന്നിവരും അദ്ദേഹത്തെ സന്ദർശിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ശനിയാഴ്ച എയിംസ് സന്ദർശിച്ചു.
മേയ് മാസത്തിലും ജെയ്റ്റ്ലി എയിംസില്‍ ചികിത്സ തേയിടിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് അരുണ്‍ ജെയ്റ്റ്ലി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മാറി നിന്നതും അതുകൊണ്ടാണ്. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്നു ജെയ്റ്റ്ലി.