ഹൈദരാബാദ്: കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി പ്രസിഡന്റുമായ എന്‍.ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള ആശയപരമായ വ്യത്യാസവും തങ്ങള്‍ക്കില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബുധനാഴ്ച അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി വേദികള്‍ പങ്കിട്ടിരുന്നു. ബിജെപി ഇതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കുക എന്നത് നിലവില്‍ ജനാധിപത്യപരമായ ഒരു നിര്‍ബന്ധമായി മാറിയിരിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

‘രാഷ്ട്രീയമായി ഞങ്ങള്‍ (ടിഡിപിയും കോണ്‍ഗ്രസും) വ്യത്യസ്തരാണ്. തുടക്കം മുതലേ തെലുങ്ക് ദേശം പാര്‍ട്ടി കോണ്‍ഗ്രസിനെതിരായാണ് പോരാടിയിരുന്നത് എന്ന കാര്യം സത്യമാണ്. എന്നാല്‍ ആശയപരമായി ഞങ്ങള്‍ക്കിടയില്‍ വ്യത്യാസങ്ങളില്ല. ആശയപരമായി ഞങ്ങള്‍ക്ക് എതിര്‍പ്പുകള്‍ ഉള്ളത് ബിജെപിയോടാണ്,’ അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

‘എന്നാല്‍ ഇന്ന് ഇവിടെ ജനാധിപത്യപരമായ ഒരു നിര്‍ബന്ധം ഉണ്ട്. ഭരണഘടനയേയും സ്ഥാപനങ്ങളേയും സംരക്ഷിക്കാന്‍ ബിജെപിക്കെതിരായി പോരാടുക എന്നത് ഒരു ആവശ്യമാണ്,’ ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിയോജിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

ഡിസംബര്‍ ഏഴിന് നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതിയെ ഭരണത്തില്‍ നിന്നും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ, കോണ്‍ഗ്രസ് ടിഡിപി, സിപിഐ, തെലങ്കാന ജന സമിതി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പീപ്പിള്‍സ് ഫ്രണ്ട് രൂപീകരിച്ചിരുന്നു.

തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നില്‍ പോലും ബിജെപിക്ക് വിജയ സാധ്യത ഇല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. കഴിഞ്ഞ 20 ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നാലോ അഞ്ചോ എണ്ണം മാത്രമേ വിജയിക്കാനായുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മോദി രാജ്യത്തെ നിരാശപ്പെടുത്തി. ജനങ്ങള്‍ അദ്ദേഹത്തെ ഒരുപാട് വിശ്വസിക്കുകയും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹം രാജ്യത്തെ നിരാശപ്പെടുത്തി. എല്ലാവരും ജീവിക്കുന്നത് സമ്മര്‍ദ്ദത്തിനും പിരിമുറുക്കത്തിനും കീഴിലാണ്. സിബിഐ, ഇഡി, ഇന്‍കം ടാക്‌സ് സ്ഥാപനങ്ങളെയെല്ലാം അവര്‍ തങ്ങളുടെ ആവശ്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നു എന്നത് രാജ്യത്തിന് ദോഷം ചെയ്യും,’ ചന്ദ്രബാബു നായിഡു പറഞ്ഞു.

ബിജെപി വിരുദ്ധ സഖ്യത്തിന് ആരായിരിക്കും നേതൃത്വം നല്‍കുക എന്ന ചോദ്യത്തിന് ‘ആരാണ് നരേന്ദ്ര മോദി? 2014 വരെ അദ്ദേഹം വെറുമൊരു മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം തന്റെ പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളവനായിരുന്നു. ഇപ്പോള്‍ നിരവധി കഴിവുള്ള ആളുകള്‍ ഉണ്ട്. അവര്‍ നയിക്കും. അക്കാര്യത്തില്‍ ഞങ്ങള്‍ ഒരു അഭിപ്രായ രൂപീകരണം നടത്തും. ഞാന്‍ പ്രധാനമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ഓട്ടത്തിലല്ല, അക്കാര്യം ഞാന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്നും എന്തെങ്കിലും നേട്ടമോ പദവിയോ ഞാന്‍ പ്രതീക്ഷിക്കുന്നില്ല,’ അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook