ന്യൂഡൽഹി: ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോം വർക്ക് നൽകരുതെന്ന കർശന ഉപാധിയുമായി കേന്ദ്രസർക്കാർ. എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഈ ഉത്തരവ് നൽകി.
വിദ്യാർത്ഥികളുടെ പാഠ്യവിഷയത്തിൽ നിയന്ത്രണം കൊണ്ടുവരാനും ഇതിന് പുറമെ ബാഗിന്റെ ഭാരം നിശ്ചയിക്കാനും സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാഷയും കണക്കുമല്ലാതെ മറ്റൊരു വിഷയവും ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കാൻ പാടില്ല. എൻസിആർടി പാഠ്യപദ്ധതി പ്രകാരം പരിസ്ഥിതിയും കണക്കുമാണ് ഭാഷയ്ക്ക് പുറമെ മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിപ്പിക്കുക.
കുട്ടികളോട് പുസ്തകങ്ങൾ അധികമായി കൊണ്ടുവരാനോ, പഠനോപകരണങ്ങൾ കൊണ്ടുവരാനോ ആവശ്യപ്പെട്ടരുതെന്നും, ബാഗിന്റെ ഭാരം മുൻ നിശ്ചയിച്ചതിൽ നിന്ന് അധികമാകാൻ പാടില്ലെന്നും ഉത്തരവിൽ കർശനമായി പറയുന്നു.
ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ ബാഗിന്റെ ഭാരം 1.5 കിലോഗ്രാമാണ്. മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം രണ്ട് മുതൽ മൂന്ന് കിലോഗ്രാം വരെയാണ്.
ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം നാല് കിലോയാണ്. എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന് പരമാവധി 4.5 കിലോ വരെ തൂക്കമാകാം. പത്താം ക്ലാസിലെ കുട്ടികളുടെ ബാഗിന് അഞ്ച് കിലോയിൽ തൂക്കം പാടില്ലെന്നും കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്.