കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ്‌വർഗിയ. ബിജെപി ബംഗാള്‍ ഘടകം ചുമതലയുള്ള നേതാവാണ് വിജയ്‌വർഗിയ. “ബംഗാളിലും പൗരത്വ പട്ടിക തയ്യാറാക്കും. ഹിന്ദുക്കളായ ആര്‍ക്കും രാജ്യം വിടേണ്ട അവസ്ഥ വരില്ല” വിജയ്‌വർഗിയ പറഞ്ഞു.

ബംഗാളില്‍ പൗരത്വ പട്ടിക കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും ബാംഗാളില്‍ ഭയം പരത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിജയ്‌വർഗിയയുടെ പരാമര്‍ശം.

Read Also:പീതാംബരക്കുറുപ്പിനെതിരെ പ്രതിഷേധം; ഇതിലും പ്രതിഷേധം തനിക്കെതിരെ ഉണ്ടായിരുന്നെന്ന് മുരളീധരന്‍

കൊല്‍ക്കത്തയിലെ പൊതുപരിപാടിയിൽ പ്രസംഗിക്കവേയാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ വിജയ്‌വർഗിയയുടെ പരാമര്‍ശം. ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ഉറപ്പിച്ചു പറയുകയാണെന്ന് വിജയ്‌വർഗിയ പറഞ്ഞു. ഒരു ഹിന്ദുവിന് പോലും രാജ്യം വിടേണ്ട അവസ്ഥ വരില്ല. ഓരോ ഹൈന്ദവനും പൗരത്വ പട്ടികയില്‍ ഇടം ലഭിക്കുമെന്നു വിജയ്‌വർഗിയ പറഞ്ഞു. പൗരത്വ പട്ടികയുടെ പേരില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിജയ്‌വർഗിയ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ബംഗാളിൽ  പൗരത്വ രജിസ്റ്റർ വേണ്ടെന്ന് മമത ബാനർജി ആവശ്യപ്പെട്ടിരുന്നു.  പൗരത്വ രജിസ്റ്ററിനെക്കുറിച്ച് അമിത് ഷായോട് സംസാരിച്ചതായും ബംഗാളില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

Read Also: നാളെ ശക്തമായ മഴ, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

‘ഹിന്ദി സംസാരിക്കുന്നവരും ബംഗാളി സംസാരിക്കുന്നവരും സാധാരണക്കാരായ അസമികളും അടക്കം 19 ലക്ഷം പേരാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്താക്കപ്പെട്ടത്. പുറത്താക്കപ്പെട്ട ജനങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യയിലെ വോട്ടര്‍മാരാണ്. ഇക്കാര്യം പരിഗണിക്കണം’ അമിത് ഷായോട് മമത ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി മമത അമിത് ഷായ്ക്ക് കത്ത് നല്‍കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook