ചെന്നൈ: സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നയത്തിനെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങി ഡിഎംകെ. സ്കൂളുകളില്‍ മൂന്ന് ഭാഷാ സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഏത് വിധേനയും എതിര്‍ക്കുമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന് പറഞ്ഞു. ‘തമിഴന്റെ രക്തത്തില്‍ ഹിന്ദിയില്ല. തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് തേനീച്ച കൂട്ടില്‍ കല്ലെറിയുന്നത് പോലെയാവുമെന്നും അദ്ദേഹം പറഞ്ഞു.
എംപിമാര്‍ പാര്‍ലമെന്റില്‍ ഈ വിഷയമുയര്‍ത്തിക്കൊണ്ടുവരണം’, സ്റ്റാലിന് ആവശ്യപ്പെട്ടു. രാജ്യത്തെ സ്കൂളുകളില്‍ ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കുമൊപ്പം ഹിന്ദിയും സിലബസില്‍ നിര്‍ബന്ധമാക്കുന്നതാണ് കേന്ദ്രത്തന്റെ പുതിയ വിദ്യാഭ്യാസ നയം. കേന്ദ്ര നയത്തിനെതിരെ പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഡി.എം.കെയുടെ നിയുക്ത എം.പി കനിമൊഴിയും പറഞ്ഞു. ഒരുഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും താല്പര്യമുള്ളവര് അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ഏത് ഭാഷ വേണമെങ്കിലും പഠിക്കട്ടെ എന്ന് വിഷയത്തോട് പ്രതികരിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും നിലപാട് വ്യക്തമാക്കി.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പറഞ്ഞ് തമിഴ്നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. കെ. കസ്തുരിരംഗന്‍ കമ്മറ്റി കേന്ദ്രസര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിനെതിരെയാണ് ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഭാഷ ആരുടേയും മേല്‍ കെട്ടി വെക്കില്ലെന്ന് മാനവവിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാല് പറഞ്ഞു.
‘കമ്മിറ്റി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ചെയ്തത്. അതല്ല സര്‍ക്കാര്‍ നയം. പൊതു അഭിപ്രായങ്ങളും തേടും. അതൊരു നയമാണെന്നത് തെറ്റിദ്ധാരണയാണ്. ഒരു സംസ്ഥാനത്തിന്റെ മേലും ഭാഷ അടിച്ചേല്‍പ്പിക്കില്ല,’ മന്ത്രി വ്യക്തമാക്കി.
Read More: 4000000000 രൂപ മുടക്കി ഹിന്ദി യുഎന്നിലെ ഔദ്യോഗിക ഭാഷയാക്കാന്‍ തയ്യാറെന്ന് കേന്ദ്രം
ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിപ്പിക്കണമെന്നും ഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും മറ്റൊരു ആധുനിക ഇന്ത്യന്‍ ഭാഷയും പഠിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. അതേസമയം ആധുനിക ഇന്ത്യന്‍ ഭാഷ എന്നത് കമ്മറ്റി നിര്‍വചനമൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഹിന്ദി സംസ്ഥാനങ്ങള്‍ ഏത് ഭാഷ പഠിക്കണമെന്ന് വ്യക്തമായ നിര്‍ദ്ദേശമില്ല.
കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഡി.എംകെ എം.പി കനിമൊഴി പറഞ്ഞു. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കരുതെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് പറഞ്ഞു. താല്‍പ്പര്യമുള്ളവര്‍ക്ക് ഏത് ഭാഷയും പഠിക്കാമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പട്ടാളി മക്കള്‍ കക്ഷി നേതാവ് പി.കെ രാംദോസും പ്രതികരിച്ചു.