ചെന്നൈ: തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബാബ്‌റി മസ്ജിദ് പൊളിച്ച വിഷയം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മറ്റൊരാളുടെ ആരാധനാകേന്ദ്രം തകര്‍ത്ത് അവിടെ ഒരു രാമക്ഷേത്രം വേണമെന്ന ആഗ്രഹം നല്ല ഒരു ഹിന്ദുവിന് ഉണ്ടാവില്ല,’ എന്ന് ശശി തരൂര്‍ പറഞ്ഞു.
ചെന്നൈയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി വിഷയം ഉയര്‍ത്തിക്കാണിച്ച് മതധ്രുവീകരണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘തിരഞ്ഞെടുപ്പിന്റെ ആഗമനവും മതവികാരത്തിന്റെ തീപിടിപ്പിക്കലും കാരണം കുറച്ച് കൂടി മോശം സംഭവങ്ങള്‍ കാണാന്‍ വരും മാസങ്ങളില്‍ നമ്മള്‍ കരുതി ഇരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്,’ തരൂര്‍ പറഞ്ഞു.
‘തിരഞ്ഞെടുപ്പ് അടുക്കുംതോറും അയോധ്യ വിഷയത്തിന് തീപിടിപ്പിച്ച് മതധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തും. അതേസമയം മറ്റുളളവരുടെ ആരാധനാകേന്ദ്രം തകര്‍ത്ത് അവിടെ രാമക്ഷേത്രം പണിയുന്നതിനോട് നല്ല ഹിന്ദുവിന് യോജിപ്പുണ്ടാവില്ല,’ ശശി തരൂര്‍ വ്യക്തമാക്കി.
രാജ്യത്ത് മതകാര്യ കേന്ദ്രങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്ന ആശങ്ക അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസിന് പറ്റിയ തെറ്റുകള്‍ സമ്മതിക്കുന്നതായും അദ്ദേഹം തുറന്നുപറഞ്ഞു.