scorecardresearch

‘ഒരു ദൈവവും ബ്രാഹ്മണനല്ല’; മനുസ്മൃതിയില്‍ ‘ലിംഗ വിവേചനം’ ഉണ്ടെന്നും ജെഎൻയു വിസി

ഇന്ത്യന്‍ സമൂഹത്തിന് നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ ജാതി ഉന്മൂലനം എന്ന ആശയത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി

ഇന്ത്യന്‍ സമൂഹത്തിന് നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ ജാതി ഉന്മൂലനം എന്ന ആശയത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി

author-image
WebDesk
New Update
JNU VC, Hindu Gods

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങള്‍ ഉയര്‍ന്ന ജാതിയില്‍ ഉള്‍പ്പെട്ടവരല്ലെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച ബി ആർ അംബേദ്കർ പ്രഭാഷണ പരമ്പരയിൽ സംസാരിക്കവെയാണ് ശാന്തിശ്രീ ഇക്കാര്യം പറഞ്ഞത്.

Advertisment

ലിംഗനീതിയെക്കുറിച്ച് ഡോ. ബി. ആര്‍. അംബ്ദേക്കറുടെ ചിന്ത (Dr B.R. Ambedkar’s Thought on Gender Justice: Decoding the Uniform Civil Code) എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ജെഎന്‍യു വി സി സംസാരിച്ചത്. "ശാസ്ത്രീയമായി നമ്മുടെ ദൈവങ്ങളുടെ ജനനം നോക്കു, ഒരു ദൈവവും ബ്രാഹ്മണനല്ല," ശാന്തിശ്രീ പറഞ്ഞു.

"ഏറ്റവും ഉയർന്നത് ക്ഷത്രിയനാണ്, പരമശിവൻ ഒരു പട്ടികജാതിയോ പട്ടികവർഗ്ഗക്കാരനോ ആയിരിക്കണം. പാമ്പിനൊപ്പം ശ്മശാനത്തിലാണ് പരമശിവന്‍ ഇരിക്കുന്നത്. അവർ അവന് ധരിക്കാൻ വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. ബ്രാഹ്മണർക്ക് സെമിത്തേരിയിൽ ഇരിക്കാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ, നിങ്ങൾ വ്യക്തമായി നോക്കുകയാണെങ്കില്‍, ദൈവങ്ങൾ ഉയർന്ന ജാതിയിൽ നിന്നുള്ളവരല്ല. ലക്ഷ്മി, ശക്തി, എല്ലാ ദൈവങ്ങളും ഉൾപ്പെടെ. വളരെ മനുഷ്യത്വരഹിതമായ ഈ വിവേചനം നമ്മള്‍ ഇപ്പോഴും തുടരുന്നതെന്തുകൊണ്ടാണ്," അവര്‍ ചോദിച്ചു.

മനുസ്മൃതി സ്ത്രീകളെ ശൂദ്രര്‍ എന്ന് തരംതിരിച്ചിട്ടുണ്ടെന്നും ഇത് വളരെ പിന്തിരിപ്പന്‍ ചിന്താഗതിയാണെന്നും ജെഎന്‍യു വിസി കൂട്ടിച്ചേര്‍ത്തു.

Advertisment

"മനുസ്മൃതി" പ്രകാരം എല്ലാ സ്ത്രീകളും ശൂദ്രരാണ്. അതിനാൽ, ഒരു സ്ത്രീക്കും താൻ ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടതാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് അവകാശപ്പെടാനാവില്ല. വിവാഹത്തിലൂടെ മാത്രമേ ഭർത്താവിന്റെയോ പിതാവിന്റെയോ ജാതി നിങ്ങൾക്ക് ലഭിക്കുകയുള്ളൂവെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് അസാധാരണമായ പിന്നാക്ക ചിന്താഗതിയാണ്, ” അവർ വ്യക്തമാക്കി.

അടുത്തിടെ രാജസ്ഥാനില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഒന്‍പത് വയസുകാരന്‍ മരിച്ച സംഭവത്തെക്കുറിച്ചു ജെഎന്‍യു വിസി പ്രസംഗത്തിനിടെ പറഞ്ഞു.

"ഇന്ത്യന്‍ സമൂഹത്തിന് നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ ജാതി ഉന്മൂലനം എന്ന ആശയത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. വളരെ വിവേചനപരവും വളരെ അസമത്വവുമായ ഈ വ്യവസ്ഥയെ ഇത്രമാത്രം വൈകാരികമാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ഈ വ്യക്തിത്വത്തെ സംരക്ഷിക്കുന്നതിനായി ആരെയെങ്കിലും കൊല്ലാന്‍ പോലും ഇന്ന് മടിക്കില്ല, അംബേദ്കറുടെ "ജാതി ഉന്മൂലനം" എന്ന നാഴികക്കല്ലിനെ പരാമർശിച്ചുകൊണ്ട് അവർ വ്യക്തമാക്കി.

“നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങൾ സംവരണ വിഭാഗത്തിൽ നിന്നുള്ളവരാണെങ്കിൽ, നിങ്ങൾ ഇരട്ടിയായി പാർശ്വവൽക്കരിക്കപ്പെടുന്നു. ആദ്യം, നിങ്ങൾ ഒരു സ്ത്രീയായതിനാൽ പാർശ്വവത്കരിക്കപ്പെടുന്നു, പിന്നെ നിങ്ങൾ ഒരു ജാതിയില്‍ നിന്ന് വരുന്നതിനാല്‍ വീണ്ടും പാർശ്വവത്കരിക്കപ്പെടുന്നു," ജാതിയുടെയും ലിംഗഭേദത്തിന്റെയും വിഭജനത്തെക്കുറിച്ച് അവർ പറഞ്ഞു.

തെലുങ്ക്, തമിഴ്, മറാത്തി, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ അറിയാവുന്ന ശാന്തിശ്രി നേരത്തെ സാവിത്രി ഫൂലെ പൂനെ സർവകലാശാലയിലെ പൊളിറ്റിക്‌സ് ആൻഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ പ്രൊഫസറായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അഞ്ച് വർഷത്തേക്ക് ജെഎൻയുവിലെ ആദ്യ വനിതാ വിസിയായി അവർ നിയമിതയായത്.

Hindu Jnu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: