ന്യൂഡൽഹി: പാചകവാതക സബ്‌സിഡി നിർത്തലാക്കാൻ തീരുമാനം. അടുത്ത വർഷം മാർച്ചോടെ സബ്‌സിഡി നിർത്തലാക്കും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തീരുമാനം ലോക്‌സഭയെ അറിയിച്ചു. 2018 മാർച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാല്  രൂപ വീതം കൂട്ടാനാണ് ഈ നിർദ്ദേശം നൽകിയിട്ടുളളത്.  കേന്ദ്ര സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

നേരത്തെ പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവർക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കിയിരുന്നു. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പാചകവാതക സബ്‌സിഡി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

ഉയര്‍ന്ന വരുമാനക്കാര്‍ പാചകവാതക സബ്‌സിഡി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ സബ്‌സിഡി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ചിലർ സബ്‌സിഡി വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവർക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതിന് പിന്നാലെയാണ് ഈ​ തീരുമാനം ഉണ്ടാകുന്നത്.

നേരത്തെ പാചകവാതകത്തിന്റെ വില നിശ്ചയിക്കാനുളള അനുവാദം പെട്രോളിയം കമ്പനികൾക്ക് നൽകി തീരുമാനമെടുത്തിരുന്നു.

സബ്‌സിഡി നിർത്തലാക്കാൻ മെയ് മാസത്തിൽ തീരുമാനിച്ചിരുന്നു എങ്കിലും തീരുമാനം രഹസ്യമായി സൂക്ഷിക്കുയായിരുന്നു. ഇപ്പോൾ സബ്‌സിഡിയോടെ പന്ത്രണ്ട് സിലിണ്ടറാണ് ഒരു കുടുംബത്തിന് ലഭിക്കുന്നത്. അതിന് ശേഷം പാചകവാതകം ആവശ്യമുളളവർ വിപണി വില നൽകിയാണ് സിലിണ്ടർ വാങ്ങേണ്ടത്.

സബ്‌സിഡി നിർത്തലാക്കാനുളള മോദി സർക്കാരിന്റെ തീരുമാനം കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കുവാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനം ഉത്കണ്ഠാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് ഇതിടയാക്കും. ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന തീരുമാനം പിന്‍വലിക്കുവാന്‍ കേന്ദ്രം തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2016 ജൂലൈ മുതല്‍ പത്തിലധികം തവണ പാചകവാതകവില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാസമാദ്യം ഒറ്റയടിക്ക് 32 രൂപയാണ് പാചകവാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 420 രൂപ വിലയുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് ഇപ്പോള്‍ 480 രൂപയാണ്. ഇതിന് പുറമേയാണ് നിലവിലുള്ള സബ്‌സിഡി പിന്‍വലിക്കുവാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook