ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്തു നടന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ കോൺഗ്രസിന് ആശ്വാസമായി കോടതി വിധി. ഇടപാടിൽ അഴിമതി നടന്നതിന് തെളിവില്ലെന്നാണ് മിലനിലെ ഇറ്റാലിയൻ കോടതി പുറപ്പെടുവിച്ച വിധിയിൽ പറയുന്നത്. കരാർ ലഭിക്കാൻ വ്യോമസേനാ മുന്‍ തലവന്‍ എസ്.പി.ത്യാഗി കൈക്കൂലി വാങ്ങിയത് തെളിയിക്കുന്നതിന് ആവശ്യമായ തെളിവൊന്നും കോടതിക്ക് മുൻപാകെ സമർപ്പിച്ചവയിൽ ഇല്ലെന്നും വിധിയിൽ പറയുന്നു.

ഇപ്പോഴത്തെ കോടതി വിധിയിലൂടെ കേസ് അവസാനിക്കാനാണ് സാധ്യതയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ വിധിയെ ചോദ്യം ചെയ്ത് ഹർജി സമർപ്പിക്കാനുളള സാധ്യത കുറവാണ്.

വിവിഐപികള്‍ക്കായി ആംഗ്ലോ – ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്നു 3760 കോടി രൂപയ്ക്ക് 12 അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്നും സർക്കാരിന് 2,666 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്. വ്യോമസേനാ മുൻ മേധാവി എസ്.പി.ത്യാഗി കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. കേസിൽ ത്യാഗിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

കരാർ ലഭിക്കാൻ ഇന്ത്യൻ അധികൃതർക്ക് 375 കോടി രൂക കൈക്കൂലി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇറ്റാലിയൻ കോടതി വിമാനക്കമ്പനിയായ ഫിൻമെക്കനിയയുടെ മുൻ പ്രസിഡന്റ് അഗിസപ്പെ ഓർസി, കമ്പനിയുടെ ഉപസ്ഥാപനമായ അഗസ്റ്റ് വെസ്റ്റലാൻഡ് മുൻ സിഇഒ ബ്രൂണോ സ്പാഗ്‌നോലിനി എന്നിവരെ 2014 ൽ നാലുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് കോടതി ഇവരെ വിട്ടയച്ചു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ബ്രിട്ടീഷ് ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മൈക്കലിനെ ഇന്ത്യയിലേക്കു നാടുകടത്താന്‍ ദുബായ് കോടതിയുടെ ഉത്തരവ് പുറത്തുവന്ന് ഏതാനും ദിവസം പിന്നിടുമ്പോഴാണ് ഇറ്റാലിയൻ കോടതി വിധി വരുന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്നിവര്‍ക്കു വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഇയാളാണെന്നായിരുന്നു ആരോപണം. കോപ്റ്റർ ഇടപാടിനായി ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിനു 115 കോടി രൂപ നൽകിയെന്ന് ഇയാൾ ഡയറിയിൽ കുറിച്ചിട്ടിരുന്നു. ഇറ്റാലിയൻ പൊലീസ് പിടിച്ചെടുത്ത കുറിപ്പുകൾ പിന്നീടു സിബിഐയ്ക്കു കൈമാറിയിരുന്നു. ക്രിസ്റ്റ്യൻ മൈക്കലിനെ ഇന്ത്യയിലെത്തിച്ചു ചോദ്യം ചെയ്താല്‍ കേസ് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണ ഏജൻസികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook