ന്യൂഡല്‍ഹി: അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ.കെ പട്നായിക്. അലോക് വര്‍മക്കെതിരായ പരാതി അന്വേഷിക്കുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (സിവിസി) അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി ജസ്റ്റിസ് എ.കെ പട്നായികിനെ നിയോഗിച്ചിരുന്നു.അലോക് വര്‍മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് പട്നായിക് ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തിടുക്കത്തിലുള്ളതായിപ്പോയെന്നും പട്നായിക് വിമര്‍ശിച്ചു.
മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രിയും ജസ്റ്റിസ് എ.കെ സിക്രിയും അലോക് വര്‍മ തുടരുന്നതിനെ എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഗാര്‍ഖെ വര്‍മയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘അലോക് വര്‍മ അഴിമതി നടത്തി എന്നതിന് യാതൊരു തെളിവും ഇല്ല. അസ്താനയുടെ പരാതിയിലാണ് എല്ലാ അന്വേഷണവും നടന്നത്. സിവിസി റിപ്പോര്‍ട്ടിലെ ഒരു കണ്ടെത്തലും എന്റേതല്ല,’ പട്നായിക് പറഞ്ഞു.
‘സെലക്ഷന്‍ കമ്മിറ്റി തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി പറഞ്ഞെങ്കിലും തീരുമാനം വളരെ തിടുക്കത്തിലായിപ്പോയി. നമ്മളൊരു സ്ഥാപനവുമായാണ് ഇവിടെ ബന്ധപ്പെടുന്നത്. സിവിസിയുടെ വാക്ക് അവസാന വാക്ക് ആയി കണക്കാക്കാന്‍ പറ്റില്ല. ഞാന്‍ മേല്‍നോട്ടം വഹിക്കുമെന്ന വിശ്വാസത്തോടെയാണ് സുപ്രിംകോടതി ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. അത്കൊണ്ട് ഞാന്‍ എന്റെ സാന്നിധ്യം അറിയിച്ചു. 14 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. അതിന് ശേഷം സുപ്രിംകോടതി ആയിരുന്നു കാര്യങ്ങള്‍ തീരുമാനിക്കേണ്ടിയിരുന്നത്,’ പട്നായിക് പറഞ്ഞു.