/indian-express-malayalam/media/media_files/uploads/2018/11/Ravishankar-Prasad.jpg)
മുംബൈ: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നതിന്റെ തെളിവായി സിനിമകളുടെ വിജയം ഉയര്‍ത്തിക്കാണിച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സിനിമകളുടെ സാമ്പത്തിക വിജയത്തെ മന്ത്രിഎടുത്തുപറഞ്ഞത്.
അവധി ദിവസമായ ഒക്ടോബര്‍ രണ്ടിന് മാത്രം മൂന്നു സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും സാമ്പത്തികമാന്ദ്യമുള്ള രാജ്യത്ത് ഇങ്ങനെ സംഭവിക്കില്ലെന്നുമാണ് മന്ത്രിയുടെ വാദം. മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: സാമ്പത്തിക മാന്ദ്യം: ഇന്ത്യയിലെ സ്ഥിതി രൂക്ഷമെന്ന് ഐഎംഎഫ്
' ഞാന്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു. സിനിമയുമായി എനിക്ക് അടുത്ത ബന്ധവുമാണ്. വലിയ ബിസിനസാണ് സിനിമകളിലൂടെ നടക്കുന്നത്. ഒക്ടോബര്‍ രണ്ടിനു മൂന്നു സിനിമകളാണ് റിലീസ് ചെയ്തത്. സിനിമാ നിരൂപകനായ കോമല്‍ നഹ്ത പറഞ്ഞിരിക്കുന്നത് ദേശീയ അവധി ദിനമായ ആ ദിവസം 120 കോടി രൂപയാണ് മൂന്നു സിനിമകളും കൂടി നേടിയത് എന്നാണ്. നല്ല സാമ്പത്തിക നിലയുള്ള രാജ്യത്തു നിന്നേ 120 കോടി രൂപ വരികയുള്ളൂ' രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അതേസമയം, രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. നേരത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഓരോ മേഖലയ്ക്കും പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. എന്നാൽ രാജ്യം സാമ്പത്തിക മാന്ദ്യത്തെ നേരിടുകയാണെന്ന് തുറന്ന് സമ്മതിക്കാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല.
രാജ്യത്തെ വ്യാവസായിക വളര്‍ച്ചാ നിരക്കില്‍ റെക്കോര്‍ഡ് ഇടിവ് സംഭവിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഓഗസ്റ്റില്‍ വളര്‍ച്ചാനിരക്ക് 1.1 ശതമാനം ഇടിഞ്ഞു. ജൂലായില്‍ വളര്‍ച്ചാനിരക്ക് 4.2 ശതമാനമായിരുന്നു. ഖനന, ഉല്‍പ്പാദന മേഖലകളിലെ മാന്ദ്യമാണു വളര്‍ച്ചാനിരക്ക് കുറച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.